തിരുവനന്തപുരം പോത്തൻകോട് കൊയ്‌തൂർക്കോണത്തെ വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. പോക്സോ അടക്കമുള്ള കേസുകളിൽ പ്രതിയായ പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ പക്കല്‍ നിന്ന് തങ്കമണിയുടെ കമ്മൽ കണ്ടെത്തി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന 67കാരി തങ്കമണിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് വീടിന് തൊട്ടടുത്തായി കണ്ടെത്തിയത്.
നാടിനെ നടുക്കി വയോധികയുടെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്. പോത്തൻകോട് കൊയ്തൂർക്കോണം യുപി സ്കൂളിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിയുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തൊട്ടടുത്തായി താമസിക്കുന്ന സഹോദരിയാണ് വീട്ടുപരിസരത്ത് മൃതദേഹം കണ്ടത്. എല്ലാ ദിവസവും രാവിലെ പൂജയ്ക്കായി പൂക്കൾ പറിക്കാൻ പോകുന്ന ശീലം തങ്കമണിക്കുണ്ടായിരുന്നു. പൂക്കൾ പറിച്ച് മടങ്ങവേയാണ് കൊലപാതകമെന്നാണ് നിഗമനം. മുഖത്ത് മുറിവുകളുണ്ട് ബ്ലൗസ് കീറിയ നിലയിലായിരുന്നു. ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ച് മൃതദേഹം മൂടിയിരുന്നു. കമ്മലുകളും നഷ്ടപ്പെട്ടിരുന്നു.
സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോത്തൻകോട് സ്വദേശിയായ തൗഫീഖിലേക്ക് സംശയം നീണ്ടത്. മേൽവസ്ത്രമില്ലാത്ത ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് കിട്ടി. ഇതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പാക്കൽ നിന്ന് തങ്കമണിയുടെ കമ്മൽ പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ പോക്സോ, കവർച്ച കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം രാജാജി നഗറിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് തൗഫീഖ് ഇന്നലെ കൊയ്‌തൂർക്കോണത്ത് എത്തിയത്. കൊലയ്ക്ക് പിന്നിലെ ഉദ്ദേശം അടക്കം മനസ്സിലാക്കാൻ പൊലീസ് വിശദമായി തൗഫീകിനെ ചോദ്യം ചെയ്യുകയാണ്. തങ്കമണി താമസിച്ചിരുന്നത് ബന്ധുക്കളുടെ വീടുകൾക്ക് സമീപത്തായിരുന്നു. അടുത്തടുത്ത വീടുകളുള്ള പ്രദേശത്തെ കൊലപാതകത്തിൻ്റെ അമ്പരപ്പിലാണ് നാട്ടുകാർ.