സൗദിയിൽ ചെറുകിട ഇടത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്

Update: 2023-08-24 06:00 GMT

സൗദിയിൽ ചെറുകിട ഇടത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് തുടരുന്നതായി റിപ്പോര്‍ട്ട്. സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പൈസസ് ജനറല്‍ അതോറിറ്റി അഥവാ മുന്‍ഷആതാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ചെറുകിട ഇടത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ 2.6 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തെ ആകെ സംരഭങ്ങളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരം കവിഞ്ഞതായി അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ 42.3 ശതമാനം. മക്ക പ്രവിശ്യയില്‍ 18.6 ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ 11.1 ശതമാനവും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കെട്ടിട നിര്‍മ്മാണ മേഖലയിലെ സ്ഥാപനങ്ങളാണ് ഇവയില്‍ കൂടുതല്‍ 30.7 ശതമാനം. സപ്പോര്‍ട്ട് ആന്റ് സര്‍വീസസ് മേഖലയില്‍ 11.6 ശതമാനം തോതിലും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ടൂറിസം മേഖലയിലാണ് പുതുതായി സംരഭങ്ങള്‍ കൂടുതല്‍ എത്തുന്നത്. ഇതിനെ പിന്തുണക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായവും സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുന്നുണ്ട്. ഇതിലേക്ക് ഒരു ബില്യണ്‍ റിയാല്‍ തുക അനുവദിക്കുന്നതിന് സോഷ്യല്‍ ഡവലപ്‌മെന്റ് ബാങ്കുമായി കരാറിലെത്തിയതായി അതോറിറ്റി അറിയിച്ചു.

Tags:    

Similar News