ബുദ്ധിപൂർവമാണോ നിക്ഷേപം നടത്തിയിട്ടുളളത് എന്ന ചോദ്യമാണ് ഇപ്പോൾ പലപ്പോഴും നാം നേരിടുന്നത്. ചിന്തിച്ചു, മനസിലാക്കി നിക്ഷേപിക്കുകയാണു വേണ്ടത്. ബുദ്ധിപൂർവമായ നിക്ഷേപ മാർഗങ്ങളെക്കുറിച്ചറിയാത്ത ഒരു സാധാരണക്കാരന് എങ്ങനെയാണു തീരുമാനമെടുക്കാൻ കഴിയുക. ഒന്നുകിൽ അയാൾ അതേക്കുറിച്ചു പഠിക്കണം അല്ലെങ്കിൽ കാര്യങ്ങൾ അറിയാവുന്ന ഒരാളുടെ ഉപദേശം സ്വീകരിക്കണം. ഒരു സാധാരണക്കാരൻ നിക്ഷേപം സംബന്ധിച്ചു തീരുമാനമെടുക്കുമ്പോൾ പാലിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങൾ.
നിക്ഷേപം നേരത്തേ തുടങ്ങുക
നിക്ഷേപം ക്രമമായി വളരുന്നതിന് ആദ്യമായി കൈക്കൊള്ളേണ്ട തീരുമാനങ്ങളിലൊന്നു നേരത്തേ തന്നെ നിക്ഷേപിച്ചു തുടങ്ങുക എന്നതാണ്. കൂട്ടുപലിശയുടെ മാന്ത്രികതയിലൂടെ നിങ്ങളുടെ നിക്ഷേപം പെരുകാൻ ഇതു സഹായിക്കും. എത്ര നേരത്തേ നിക്ഷേപിച്ചു തുടങ്ങുന്നുവോ അത്രയും ഭദ്രമായിരിക്കും നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം.
നിക്ഷേപകാര്യത്തിൽ അച്ചടക്കം പാലിക്കുക എന്നതാണു നിക്ഷേപത്തെ സംബന്ധിച്ചേടത്തോളം മറ്റൊരു പ്രധാന ഘടകം. പ്രതിമാസമോ ത്രൈമാസികമോ ആയി ക്രമമായി നിക്ഷേപിക്കുന്നതിലൂടെ താഴ്ന്ന ശരാശരി മൂല്യത്തിൻറെ ആനുകൂല്യം നിങ്ങളുടെ നിക്ഷേപത്തിനു ലഭിക്കുന്നു.
മിച്ചം പിടിയ്ക്കലും നിക്ഷേപവും വേർതിരിക്കുക
മിച്ചം പിടിയ്ക്കുക, നിക്ഷേപിക്കുക എന്നീ വാക്കുകൾ ഒരേ അർഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും ലക്ഷ്യം വ്യത്യസ്തമാണ്. മിച്ചം വയ്ക്കുന്ന പണം അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ളതാണ്. ഇതിൻറെ വളർച്ച പരിമിതമായിരിക്കും. എന്നാൽ, നിക്ഷേപത്തിൻറെ കാര്യത്തിൽ നിങ്ങൾക്ക് ദീർഘകാല ലക്ഷ്യമാണുള്ളത്. മിച്ചം പിടിക്കുന്ന പണത്തിൻറെ ലാഭത്തേക്കാൾ കൂടുതൽ നിക്ഷേപലാഭം വളർന്നാൽ മാത്രമേ നിങ്ങളുടെ ദീർഘകാല ലക്ഷ്യം നേടാൻ സാധിക്കൂ.
സ്വയം ബോധ്യപ്പെടണം
ഉയർന്ന ലാഭം വേണമെന്നാഗ്രഹിച്ച് ഉയർന്ന അപകട സാധ്യത നേരിടാൻ തയാറാകുന്നവരുൾപ്പടെ പലതരം നിക്ഷേപകരുണ്ട്. മറ്റൊരു വിഭാഗം നിക്ഷേപകർ കൂടുതൽ റിസ്‌ക് എടുക്കാൻ തയാറല്ല, അവർ ഉറച്ച താഴ്ന്ന ലാഭമാണു പ്രതീക്ഷിക്കുന്നത്. മറ്റു ചിലർ ചെറിയ തോതിൽ റിസ്‌ക് എടുക്കാൻ തയാറാണ്. ബാങ്ക് സ്ഥിരം നിക്ഷേപത്തേക്കാൾ അൽപ്പം കൂടിയ ലാഭമാണ് ഇവർ പ്രതീക്ഷിക്കുന്നത്. കൂടുതൽ റിസ്‌കെടുക്കാൻ തയാറുള്ളവർക്ക് ഓഹരികളുണ്ട്. ചിലർ മ്യൂച്വൽ ഫണ്ട് പോലെ ഇവയുടെ മിശ്രിതങ്ങളിൽ നിക്ഷേപിക്കാൻ തയാറായിരിക്കും. അതിനാൽ ഓരോ നിക്ഷേപകനും ആദ്യം തീരുമാനിക്കേണ്ടത് ഏതിനം നിക്ഷേപമാണ് തെരഞ്ഞെടുക്കേണ്ടത് എന്ന കാര്യമാണ്.
എവിടെ നിക്ഷേപിക്കണം
റിയൽ എസ്റ്റേറ്റ് മേഖലയിൽ പണം നിക്ഷേപിക്കാൻ ഓടി നടക്കുകയായിരുന്നു നിക്ഷേപകർ. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല. ദീർഘകാലത്തേക്കു പണമുണ്ടാക്കാൻ പറ്റിയ ഏർപ്പാടായിരുന്നു അക്കാലത്തത്. ആ നാളുകൾ പോയ്ക്കഴിഞ്ഞു. ഇന്നാണെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ, സ്വർണം, ബോണ്ടുകൾ, ഇക്വിറ്റികൾ തുടങ്ങി നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. നിങ്ങൾക്കനുയോജ്യമായ നിക്ഷേപമാർഗം തെരഞ്ഞെടുക്കുന്നതിന് വിദഗ്ധ ഉപദേശം തേടുക.
സാമ്പത്തിക ആസൂത്രകൻറെ സേവനം തേടാൻ താത്പര്യമില്ലാത്ത ഒരാളാണു നിങ്ങളങ്കിൽ ഈ പഴമൊഴിയെങ്കിലും ഓർമിക്കണം '' മുട്ടകളെല്ലാം ഒരേ കുട്ടയിൽ നിക്ഷേപിക്കാതിരിക്കുക ''. പണം മുഴുവൻ ഒരു ഉത്പന്നത്തിൽ മാത്രം നിക്ഷേപിക്കരുത് എന്നാണിതിനർഥം. നിക്ഷേപം വ്യത്യസ്തമാക്കാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ നിക്ഷേപസഞ്ചി സന്തുലിതമാവുകയുള്ളു. ചിലതിലുണ്ടായേക്കാവുന്ന നഷ്ടം മറ്റുള്ളവയിലൂടെ നികത്താൻ ഇതു സഹായിക്കും.