'ആവശ്യമുള്ളതെന്തും വാങ്ങാം, പണം പിന്നീട് നൽകിയാൽ മതി​...'; പുതിയ പേയ്​മെൻറ്​ സൗകര്യവുമായി ലുലു

Update: 2023-08-08 11:35 GMT

'ആവശ്യമുള്ളതെന്തും ഇപ്പോൾ വാങ്ങുക, പണം പിന്നീട്​ നൽകിയാൽ മതി' എന്ന പുതിയ പേയ്​മെൻറ്​ സൗകര്യവുമായി ലുലു ഹൈപർമാർക്കറ്റ്​. പ​ശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖലയിലെ മുൻനിര ഫിനാൻഷ്യൽ സർവിസസ്​ ആപ്പായ ടാബിയുമായി ചേർന്നാണ്​ വേനലവധി, ബാക്​ ടു സ്​കൂൾ സീസണുകൾ പ്രമാണിച്ച്​ ഉപഭോക്താക്കൾക്കായി സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റ്​ ഈ ഷോപ്പിങ്​ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്​. ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സമയമാണിത്​. എന്നാൽ, അത്രയും പണം കൈവശമുണ്ടായിരിക്കില്ല. ഈ സാഹചര്യത്തിലാണ് 'ആവശ്യമുള്ളതെല്ലാം ഇപ്പോൾ വാങ്ങൂ, പണം പിന്നീട്​ നൽകിയാൽ മതി' എന്ന ബി.എൻ.പി.​എൽ (ബയ്​ നൗ, പേ ലേറ്റർ) സംവിധാനം ടാബിയുടെ സഹായത്തോടെ ഏർപ്പെടുത്തിയത്​.

ക്രഡിറ്റ്​, ഡെബിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ പണം മുൻകൂറ്​ നൽകാതെ ഷോപ്പിങ്​ നടത്താനാവും. സൗദിയിലെ മുഴുവൻ ബ്രാഞ്ചുകളിലും ഓൺലൈൻ സ്​റ്റോറിലും നാലു തവണ വരെ ഈ രീതിയിൽ ​ഷോപ്പിങ് നടത്താം. ഫീസോ പലിശയോ ഇല്ല എന്നതാണ്​ സവിശേഷത. ഉപഭോക്താവിന്​ താങ്ങാവുന്ന മികച്ച ഓഫറുകൾ നൽകി അവരുടെ​ ജീവിത ഗുണനിലവാരം ഉയർത്താൻ നല്ല ഇടപാടുകൾ ഒരുക്കുന്നതിൽ ലുലു എന്നും പ്രതിജ്ഞാബദ്ധമാണെന്ന്​ ഡയറക്​ടർ ഷഹീം മുഹമ്മദ്​ പറഞ്ഞു. ബി.എൻ.പി.​എൽ ആ ഇടപാടുകളുടെ തുടർച്ചയാണെന്നും ഈ വേനൽക്കാലം ഉപഭോക്താക്കൾക്ക്​ മികച്ചതാവാൻ ആശംസിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയുമായി പങ്കാളികളാകുന്നതിൽ ഞങ്ങൾ സന്തുഷ്​ടരാണെന്ന്​ ടാബി സൗദി ജനറൽ മാനേജർ അബ്​ദുൽ അസീസ്​ സജ അഭിപ്രായപ്പെട്ടു. വേനലവധിക്ക്​ ശേഷം സൗദിയിലെ വിദ്യാലയങ്ങൾ തുറക്കുന്നതിന്​ മുന്നോടിയായി ബാക്​ ടു സ്​കൂൾ പ്രമോഷനും ഓഫറുകളും ലുലു ഹൈപർമാർക്കറ്റ്​ പ്രഖ്യാപിച്ചു.


Similar News