അബുദാബിയിൽ ടാക്സി ബുക്കിങ്ങിന് യാങ്കോ ആപ്പ്
ടാക്സികൾ മുൻകൂട്ടി ബുക്കുചെയ്യുന്നതിന് യാങ്കോ ആപ്പ് സേവനം ആരംഭിച്ച് അബുദാബി മൊബിലിറ്റി. അന്താരാഷ്ട്ര റൈഡ് ഹെയ്‌ലിങ് സ്മാർട്ട് ആപ്പാണ് യാങ്കോ. പൊതു, സ്വകാര്യ ടാക്സികളും ലൈസൻസുള്ള സ്വകാര്യവാഹനങ്ങളും ആപ്പിലൂടെ ബുക്കുചെയ്യാം. കഴിഞ്ഞ അഞ്ചുമാസം നീണ്ടുനിന്ന പരീക്ഷണഘട്ടത്തിൽ 300-ലേറെ ടാക്സികളിലായി 8000-ത്തിലേറെ യാത്രകൾ ആപ്പുവഴി പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 1500-ലേറെ ടാക്സികൾ ആപ്പിൽ രജിസ്റ്റർചെയ്തിട്ടുണ്ട്.അറബിക്, ഇംഗ്ലീഷ് എന്നിവയുൾപ്പടെ ഒട്ടേറെ ഭാഷകളിൽ ആപ്പ് ലഭ്യമാണ്. ഉപയോക്താക്കളുടെ ലൊക്കേഷൻ നൽകുന്നതിലൂടെ ഏറ്റവുമടുത്തുള്ള ടാക്സികൾ കണ്ടെത്താൻ ആപ്പ് സഹായിക്കും.
യാത്രയ്ക്കിടെ ഉപയോക്താക്കളുടെ ഏതെങ്കിലും വസ്തുക്കൾ വാഹനത്തിൽ മറന്നുവെക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ഡ്രൈവർമാർ ഉടനടി ഉടമസ്ഥർക്കോ അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ കൈമാറും. അന്താരാഷ്ട്ര ആപ്പുകൾവഴി സേവനംനൽകുന്നത് ടാക്സി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്ന് അബുദാബി മൊബിലിറ്റി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മസ്റൂഖി പറഞ്ഞു.
ഓൺലൈൻവഴിയുള്ള ടാക്സി ബുക്കിങ് സൗകര്യത്തിലൂടെ ഉപയോക്താക്കളുടെ സമയവും ലാഭിക്കാം. സുരക്ഷിതവും അംഗീകൃതവുമായ യാത്രാസേവനങ്ങളാണ് സംരംഭത്തിലൂടെ നൽകുന്നതെന്നും അൽ മസ്റൂഖി പറഞ്ഞു. എമിറേറ്റിലെ യാത്രക്കാർക്ക് അബുദാബി ടാക്സി ആപ്പ്, 600535353 എന്നിവമുഖേനയും ടാക്സികൾ ബുക്കുചെയ്യാം.