ലൈസൻസ് ഇല്ലാത്ത തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കും; ക്യാമ്പയിനുമായി അബൂദാബി മുനിസിപ്പാലിറ്റി
ലൈസൻസ് ഇല്ലാത്ത തെരുവ് കച്ചവടക്കാരെ കണ്ടെത്താൻ ക്യാമ്പയിനുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന തെരുവ് കച്ചവടക്കാരുമായി സഹകരിക്കുന്നതിന്റെ ഭവിഷ്യത്തുക്കളെക്കുറിച്ച് താമസക്കാരെയും ബിസിനസുകാരെയും കടക്കാരെയും റിയൽ എസ്റ്റേറ്റ് ഉടമകളെയും ക്യാമ്പയിനിലൂടെ ബോധവത്കരിക്കും.
ഉപഭോക്താക്കളുടെ സുരക്ഷയും വിൽപന വസ്തുക്കളുടെ ഉയർന്ന നിലവാരവും ഉറപ്പുവരുത്തുന്നതിന് അധികൃതർ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ക്യാമ്പയിൻ ഉയർത്തിക്കാട്ടും. അംഗീകൃത വ്യാപാരികളുമായി മാത്രം സഹകരിച്ചാൽ അനധികൃത കച്ചവടക്കാരെ തടയാനാകുമെന്ന് മുനിസിപ്പാലിറ്റി പൊതുജനങ്ങളെ ഓർമിപ്പിച്ചു. അംഗീകാരമില്ലാത്ത വസ്തുക്കളുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അധികൃതർ സ്വന്തം ക്ഷേമത്തിന് പ്രാധാന്യം നൽകണമെന്നും വ്യക്തമാക്കി.
മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് മുഖേനയും സമൂഹ മാധ്യമ അക്കൗണ്ടുകൾ മുഖേനയും ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബുള്ളറ്റിനുകളും അയക്കും. സാമൂഹിക ക്ഷേമം മുൻനിർത്തി ലൈസൻസ് ഇല്ലാത്ത തെരുവ് കച്ചവടക്കാരെ ഒഴിവാക്കാൻ വ്യാപാര മാനദണ്ഡങ്ങൾ പാലിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ താമസക്കാർക്കും വ്യാപാരികൾക്കും കമ്പനികൾക്കും അധികൃതർ അയച്ചുനൽകും.