ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ രണ്ടുവർഷത്തിനകം: യുഎഇ മന്ത്രി
ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത രണ്ടുവർഷത്തിനകം യാഥാർത്ഥ്യമാവുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി. ഇതിനായുള്ള പ്രത്യേക നിയമനിർമാണം പുരോഗമിക്കുകയാണെന്നും 2024നും 2025നുമിടക്ക് ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
ഒമാനിൽ നടന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ യോഗം ഏകീകൃത വിസ ഐക്യകണ്‌ഠേന അംഗീകരിച്ചതാണ്. ആറ് ഗൾഫ് രാജ്യങ്ങളും ഒരു വിസയിൽ സന്ദർശിക്കാൻ കഴിയുന്ന വിധം ഓരോ രാജ്യത്തിന്റെ ആഭ്യന്തര സംവിധാനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. അതോടൊപ്പം ഇതിന്റെ ചട്ടങ്ങളും നിയമനിർമാണവും പൂർത്തിയാകണം. ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ നിലവിൽ വരുന്നതോടെ യുഎഇയിലേക്കുണ്ടാകാൻ സാധ്യതയുള്ള സഞ്ചാരികളുടെ ഒഴുക്ക് മുൻകൂട്ടി കണ്ട് വിവിധ പദ്ധതികൾ തയാറാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഏഴ് യുഎഇ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് റൂട്ട് എമിറ്റേറ്‌സ് ടൂറിസം കൗൺസിൽ വികസിപ്പിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ 837 ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. അതിൽ 399 എണ്ണം യുഎഇയിലാണ്. ഗൾഫ് രാജ്യങ്ങൾ സംഘടിപ്പിക്കുന്ന 224 ടൂറിസം പരിപാടികളിൽ 73 എണ്ണം നടക്കുന്നതും യുഎഇയിലാണ്. ടൂറിസത്തിൽ നിന്നുള്ള ജിസിസി രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനം വർഷം ഏഴ് ശതമാനം ഉയർത്താൻ കൂടി ഏകീകൃത ടൂറിസം വിസ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.