യു.എൻ മാനവ വികസന സൂചിക: അറബ് ലോകത്ത് ഒന്നാമതായി യു.എ.ഇ
യു.എൻ ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി) പുറത്തുവിട്ട ആഗോള മാനവ വികസന സൂചികയിൽ അറബ് മേഖലയിൽ ഒന്നാമതായി യു.എ.ഇ. ആഗോള റാങ്കിങ്ങിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമ്പത് റാങ്കുകൾ മെച്ചപ്പെടുത്തി 17ാം സ്ഥാനവും യു.എ.ഇ നേടി. 193 രാജ്യങ്ങളുടെ പട്ടികയിൽ കാനഡ, യു.എസ്, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ആദ്യ 20 ലെത്തുന്ന ഏക അറബ് രാജ്യമെന്ന പ്രത്യേകതയും യു.എ.ഇക്കാണ്. സൂചികയിൽ സ്വിറ്റ്സർലൻഡാണ് ആഗോള തലത്തിൽ ഒന്നാമത്.
1990 മുതൽ എല്ലാ വർഷവും യു.എൻ.ഡി.പി മാനവ വികസന സൂചിക പുറത്തുവിടാറുണ്ട്. ആരോഗ്യം, വിജ്ഞാനം, ജീവിത നിലവാരം എന്നീ മൂന്ന് ഘടകങ്ങളിലൂടെ ഓരോ രാജ്യത്തെയും ജനങ്ങളുടെ ക്ഷേമത്തെ പ്രതിഫലിക്കുന്നതാണ് ആഗോള സൂചിക.
ആയുർ ദൈർഘ്യം, സ്കൂൾ കാലഘട്ടം, പ്രതിശീർഷ മൊത്ത ദേശീയവരുമാനം എന്നീ നാല് സൂചനകൾ ഇതിൽ ഉൾപ്പെടും. ‘റീ ഇമേജിനിങ് കോഓപറേഷൻ ഇൻ എ പോളറൈസ്ഡ് വേൾഡ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ വർഷത്തെ സൂചികയിൽ 0.937 പോയന്റാണ് യു.എ.ഇ നേടിയത്. കഴിഞ്ഞ വർഷം ഇത് 0.026 ആയിരുന്നു. 79.2 വയസ്സാണ് യു.എ.ഇയിലെ ശരാശരി ആയുർദൈർഘ്യം. വിദ്യാഭ്യാസ രംഗത്ത് ഓരോ കുട്ടിയുടെയും സ്കൂൾ കാലഘട്ടം 17.2 വർഷമാണ്. പ്രതിശീർഷ മൊത്ത ദേശീയവരുമാനം 74.104 ഡോളറാണ്.