കനത്ത മഴയ്ക്ക് ശേഷം യുഎഇയുടെ തലസ്ഥാന നഗരമായ അബൂദബി സാധാരണ നിലയിലേക്ക്
യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ ചൊവ്വാഴ്ച പെയ്തിറങ്ങിയതിനു ശേഷം തലസ്ഥാന എമിറേറ്റിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ബുധനാഴ്ച രാവിലെ പലയിടത്തും കനത്ത വെള്ളക്കെട്ടായിരുന്നു. ഉച്ചയോടെയാണ് മുസഫ വ്യവസായ മേഖലയിലും ജനവാസ പ്രദേശങ്ങളിലും ഉള്ള റോഡുകളിലെ വെള്ളക്കെട്ട് കുറഞ്ഞത്.
അതേസമയം ചിലയിടങ്ങളിൽ വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. അനേകം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി ഷോപ്പുകളിലും വില്ലകളിലും കനത്ത മഴ നാശനഷ്ടം വരുത്തിയിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവായ റോഡുകളിൽ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കുന്ന ജോലികൾ നടന്നുവരികയാണ്.
എമിറേറ്റിലെ ഉൾമേഖലകളിലെ കാർഷിക ഇടങ്ങളിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഈത്തപ്പനകളും മരങ്ങളും കടപുഴകി.