Begin typing your search...

യുഎഇയിൽ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും

യുഎഇയിൽ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അനധികൃത താമസക്കാര്‍ക്ക് തിരിച്ചുപോകാന്‍ യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി വ്യാഴാഴ്ച അവസാനിക്കും. സെപ്റ്റംബര്‍ ഒന്നിനായിരുന്നു രണ്ടുമാസത്തെ കാലാവധിയോടെ രാജ്യത്ത് പൊതുമാപ്പിന് തുടക്കമായത്. ഇതിനകം ആനുകൂല്യം പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളികളടക്കം ആയിരക്കണക്കിന് ആളുകളാണ് രാജ്യംവിട്ടത്. നിയമാനുസൃതം തിരിച്ചെത്തി ജോലിയിലോ പുതിയസംരംഭത്തിലോ ഏര്‍പ്പെടാനായി തയ്യാറെടുക്കുന്നവരും ഒട്ടേറെയാണ്. പൊതുമാപ്പിന്റെ അവസാനദിവസങ്ങളില്‍ അതത് എമിറേറ്റുകളിലെ പൊതുമാപ്പുകേന്ദ്രങ്ങളില്‍ നാടണയാന്‍ കാത്തിരിക്കുന്നവരുടെ തിരക്കായിരുന്നു. പിഴകൂടാതെ ട്രേഡ് ലൈസന്‍സ്, ഇമിഗ്രേഷന്‍ കാര്‍ഡ്, ലേബര്‍ കാര്‍ഡ് തുടങ്ങിയവ റദ്ദാക്കാന്‍ ഷാര്‍ജയിലെ വിവിധ തഹ്സീല്‍ കേന്ദ്രങ്ങളിലും വന്‍ തിരക്കനുഭവപ്പെട്ടു.

യു.എ.ഇ.യില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി ഇന്ത്യന്‍ അസോസിയേഷനുകളില്‍ സ്ഥാപിച്ച ഹെല്‍പ് ഡെസ്‌കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അനധികൃത താമസക്കാര്‍ക്ക് തിരിച്ചുപോകാനും രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനും സഹായിക്കുകയുംചെയ്തു. ഇന്ത്യന്‍ കോണ്‍സുലേറ്റും ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടണയാന്‍ സഹായമായത്. രണ്ടുമാസത്തെ പൊതുമാപ്പ് സമയമനുവദിച്ചിട്ടും തിരിച്ചുപോകാന്‍ നിയമതടസ്സങ്ങളുള്ളവര്‍ ഒട്ടേറെയാണ്. വാടകസംബന്ധമായി മുനിസിപ്പാലിറ്റികളില്‍ കേസുകള്‍ നേരിടുന്നവരും സ്ഥാപനങ്ങള്‍ സാമ്പത്തികനഷ്ടം സംഭവിച്ച് നിയമക്കുരുക്കുകളില്‍പ്പെട്ടവരുമാണ് കൂടുതലും. പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കില്ലെന്ന് അധികൃതര്‍ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.

മലയാളിക്കൂട്ടായ്മകള്‍ ഒന്നിച്ചുചേര്‍ന്ന് സാമ്പത്തികമായി സഹായിച്ചതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് നിയമതടസ്സം നീങ്ങി നാടണയാനും സാധിച്ചിട്ടുണ്ട്. സന്ദര്‍ശകവിസയിലെത്തി യു.എ.ഇ.യില്‍ കുടുങ്ങിപ്പോയവര്‍ക്കും കൂട്ടായ്മകളുടെ സഹായംലഭിച്ചിരുന്നു. വര്‍ഷങ്ങളായി സന്ദര്‍ശകവിസ പുതുക്കാന്‍ സാധിക്കാത്തവരും കൂട്ടത്തിലുണ്ട്. ഏജന്റുമാരുടെ തട്ടിപ്പില്‍ക്കുടുങ്ങി പ്രയാസത്തിലായ ഒട്ടേറെപ്പേരും തിരിച്ചുപോയിട്ടുണ്ട്. വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, സംരംഭകര്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം നാട്ടിലേക്കുള്ള വിമാനയാത്രച്ചെലവ് നല്‍കി സഹായിച്ചിരുന്നു. എന്നാല്‍, പാസ്‌പോര്‍ട്ട് പണയത്തിലായി തിരിച്ചുപോക്ക് തടസ്സപ്പെട്ടവരും കൂട്ടത്തിലുണ്ട്. പലിശക്കാരില്‍നിന്ന് പണം കടംവാങ്ങി ഈടായി കുടുംബത്തിന്റെയടക്കം പാസ്‌പോര്‍ട്ടുകള്‍ പലിശക്കാര്‍ക്ക് ഏല്‍പ്പിച്ചവരാണ് പൊതുമാപ്പിലും തിരിച്ചുപോകാന്‍ സാധിക്കാതെയായത്. കേസും ഒപ്പം അസുഖവും പേറുന്നവരുമുണ്ട്. പ്രശ്‌നങ്ങള്‍ തീര്‍ന്ന് തിരിച്ചുപോക്ക് ചിന്തിക്കാന്‍ സാധിക്കില്ലെന്നാണ് പ്രതിസന്ധികളില്‍പ്പെട്ടവരുടെ വാക്കുകള്‍.

പൊതുമാപ്പ് അവസാനിച്ചാലും നിയമക്കുരുക്കില്‍പ്പെടാനുള്ള സാഹചര്യങ്ങള്‍ രേഖാമൂലം അധികൃതരുടെ മുന്‍പില്‍ ഹാജരാക്കിയാല്‍ കാരുണ്യം പ്രതീക്ഷിക്കാമെന്ന് നിയമവിദഗ്ധനായ ഷാര്‍ജയിലെ അഡ്വ. പി.എ. ഹക്കീം പറഞ്ഞു. കാര്യ-കാരണങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ചാല്‍ ഭാരിച്ച പിഴകള്‍ ലഘൂകരിച്ചുകിട്ടാനും സാധ്യതയുണ്ട്. പൊതുമാപ്പ് അവസാനിക്കുന്ന വേളയിലും തിരിച്ചുപോകാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അഡ്വ. ഹക്കീം ഓര്‍മ്മിപ്പിച്ചു. ഭാവിയിലും നിയമാനുസൃതംമാത്രം രാജ്യത്ത് ജോലിതേടാന്‍ ശ്രമിക്കണം. അനധികൃതകുടിയേറ്റം നടത്തി പ്രതിസന്ധികളില്‍പ്പെടാതെ നോക്കണമെന്നും നിയമവിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

WEB DESK
Next Story
Share it