യു എ ഇയിൽ ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി; പുതിയ ട്രാഫിക് നിയമങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ പ്രഖ്യാപിച്ചു
രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തതായും, പുതിയ ട്രാഫിക് നിയമങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ ഉൾപ്പെടുത്തിയതായും യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മെയ് 18-നാണ് യു എ ഇ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അസ്ഥിര കാലാവസ്ഥ, അത്യാഹിതങ്ങൾ തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് യാത്രികരുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന പുതിയ ട്രാഫിക് നിയമങ്ങൾ, അവയുടെ ശിക്ഷാ നടപടികൾ എന്നിവ മന്ത്രാലയം ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് '130/ 1997'-ലെ ആർട്ടിക്കിൾ 1-ലും, '21/ 1995' എന്ന ഫെഡറൽ നിയമം നടപ്പിലാക്കുന്ന വ്യവസ്ഥകളിലും മന്ത്രാലയം ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം, താഴെ പറയുന്ന പുതിയ ട്രാഫിക് നിയമങ്ങളാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്വരകൾ, വെള്ളപ്പൊക്കം അനുഭവപ്പെടുന്ന പ്രദേശങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതിന് - 1000 ദിർഹം പിഴ, 6 ട്രാഫിക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്. വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്വരകളിലേക്ക് പ്രവേശിക്കുന്നതിന് - 2000 ദിർഹം പിഴ, 23 ട്രാഫിക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്. ഇതിന് പുറമെ, നിയമലംഘനവുമായി ബന്ധപ്പെട്ട വാഹനം അറുപത് ദിവസത്തേക്ക് പിടിച്ചെടുക്കുന്നതാണ്.
അടിയന്തിര ഘട്ടങ്ങൾ, ദുരന്തങ്ങൾ, പ്രതിസന്ധികൾ, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ രക്ഷാ നടപടികളുമായി ബന്ധപ്പെട്ട ആംബുലൻസ്, ട്രാഫിക് അധികൃതർ, രക്ഷാ വാഹനങ്ങൾ തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാക്കുന്ന പ്രവർത്തികൾക്ക് - 1000 ദിർഹം പിഴ, 4 ട്രാഫിക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്. ഇതിന് പുറമെ, നിയമലംഘനവുമായി ബന്ധപ്പെട്ട വാഹനം അറുപത് ദിവസത്തേക്ക് പിടിച്ചെടുക്കുന്നതാണ്.
إضافات لقانون السير والمرور تعزز سلامة المجتمع خاصة في الطوارىء وتقلبات الحالة الجوية
— وزارة الداخلية (@moiuae) May 18, 2023
Traffic law gets new additions to achieve safety of society, especially in emergencies and inclement weather conditions#الامارات_أمن_وأمان#uae_safe pic.twitter.com/Q6em4y1ZA2