ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ആവർത്തിച്ച് യു.എ.ഇ.
ഗാസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം ആവർത്തിച്ച് യു.എ.ഇ. യു.എൻ. സുരക്ഷാ കൗൺസിൽ യോഗത്തിൽ യു.എ.ഇ.യുടെ അംബാസഡറും സ്ഥിരംപ്രതിനിധിയുമായ മുഹമ്മദ് അബുഷഹാബ് ആണ് ഇക്കാര്യമുന്നയിച്ചത്.തടവുകാരെ മോചിപ്പിക്കുകയും മാനുഷികസഹായം എത്തിക്കുകയുംവേണം. മേഖലയിലെ നിലവിലുള്ള അപകടകരമായ സാഹചര്യങ്ങളിൽ യു.എ.ഇ. ആശങ്ക പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര നയങ്ങളുടെയും സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് നടന്നുവരുന്നത്. യു.എൻ. പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ കിഴക്കൻ ജറുസലേം ആസ്ഥാനമാക്കി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെമാത്രമേ സമാധാനം കൈവരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
ലെബനന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും യു.എന്നിൽ യു.എ.ഇ. പൂർണപിന്തുണ നൽകി. ലെബനൻ ജനതയ്ക്ക് നൽകിവരുന്ന മാനുഷികസഹായം തുടരുമെന്നും മുഹമ്മദ് അബുഷഹാബ് പറഞ്ഞു. മേഖലയിലെ എല്ലാ കക്ഷികളോടും സംയമനം പാലിക്കാനും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാനും സമാധാനം പുലർത്താനും ആഹ്വാനംചെയ്തു.