50 ലക്ഷം പേർക്ക് ഭക്ഷണമെത്തിച്ച് യു.എ.ഇ ഫുഡ്ബാങ്ക്
റമദാൻ മാസത്തിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50 ലക്ഷം പേർക്ക് ഭക്ഷണമെത്തിച്ച് യു.എ.ഇ ഫുഡ്ബാങ്ക്. ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് അർഹരായ 50 ലക്ഷം പേരിലെത്തിക്കാനാണ് പദ്ധതി രൂപപ്പെടുത്തിയത്. റമദാനിൽ രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ ഫുഡ് ബാങ്കിന് കീഴിൽ ഇഫ്താർ വിതരണം സംഘടിപ്പിച്ചു. റമദാനിലെ പദ്ധതി ലക്ഷ്യം കൈവരിച്ചത് സാമൂഹിക മാധ്യമങ്ങൾ വഴിയാണ് അധികൃതർ അറിയിച്ചത്.
പാഴാകുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കാനും അത് അർഹരിലേക്കെത്തിക്കാനും ലക്ഷ്യമിട്ട് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവിന്റെ കീഴിൽ 2017ലാണ് യു.എ.ഇ ഫുഡ്ബാങ്ക് സംരംഭം ആരംഭിച്ചത്. കഴിഞ്ഞ വർഷം മാത്രം ലോകത്തുടനീളമുള്ള 1.86 കോടി പേർക്ക് സംരംഭത്തിലൂടെ ഭക്ഷണമെത്തിക്കാൻ കഴിഞ്ഞിരുന്നു. പ്രാദേശിക, അന്താരാഷ്ട്ര തലത്തിലുള്ള 800 സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച ഭക്ഷണമാണ് ഇതുവഴി വിതരണം ചെയ്തത്. പദ്ധതിയിൽ 1,800 സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. ഏകദേശം 1.47 കോടി ദിർഹം ഫുഡ് ബാങ്കിന് വിവിധ ഭാഗങ്ങളിൽനിന്ന് സംഭാവനയായി ലഭിച്ചിരുന്നു.