യുഎഇയിൽ കനത്ത മഴ; അസ്ഥിര കാലാവസ്ഥ തുടരും
യുഎഇയിൽ കനത്ത മഴ തുടരുന്നു. മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ ഐനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎഇയില്‍ നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. റെഡ് അലര്‍ട്ടിന് പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപ്പിച്ചത്. ശക്തമായ മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം, മഴ കനത്തതോടെ ദുബായിൽ നാളെയും വർക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങൾക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
ദുബായിൽ നിന്നുള്ള 17 വിമാനം ഇന്നലെ റദ്ദാക്കിയതായി അധികൃതർ പറഞ്ഞു. മിക്ക എമിറേറ്റുകളിലും പ്രധാന ഹൈവേകളിലടക്കം മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡുകൾ സഞ്ചാരയോഗ്യമല്ല. ഷാർജയിലും മറ്റും താഴ്ന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ക്കകത്തേയ്ക്ക് മഴവെള്ളം എത്തിയതിനാൽ അടച്ചിടേണ്ടിവന്നു.
രാജ്യത്ത് ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തിൽ പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ യുഎഇ അധികൃതർ അഭ്യർഥിച്ചു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സുരക്ഷാ അലർട്ടിൽ ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്ന് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് അതോറിറ്റി അറിയിച്ചു.
അതേസമയം, രാജ്യത്തെ സ്കൂളുകളെല്ലാം ഓൺലൈൻ പഠനമാണ് നടന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദേശവുമുണ്ടായി. എന്നാൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് പലർക്കും ജോലിക്ക് പോകേണ്ടി വന്നു. പലിയിടത്തും മഴവെള്ളം കെട്ടിനിന്ന റോഡുകളിലൂടെ വാഹനങ്ങൾക്ക് പോകാനാകാത്തതിനാൽ പാതിവഴിയിൽ യാത്ര തടസ്സപ്പെട്ടു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ആകാശം ഇപ്പോഴും മേഘാവൃതമാണ്. കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ഉണ്ടാകും. അസ്ഥിരമായ കാലാവസ്ഥ ബുധനാഴ്ച ക്രമേണ ദുർബലമാകും. അതേസമയം, മിക്ക എമിറേറ്റുകളിലും റോഡുകളിലെ മഴവെള്ളം നീക്കം ചെയ്യുന്ന പ്രവൃത്തി അധികൃതർ രാവിലെ തന്നെ ആരംഭിച്ചു.
നിലവിലെ കാലാവസ്ഥയെ തുടർന്ന് ഇന്നലെ (ചൊവ്വ) 17 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് എയർപോർട്ട്സ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ യുഎഇയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിന് പിന്നാലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുള്ള സാഹചര്യത്തിലാണിത്.