യു.എ.ഇ കോർപറേറ്റ് നികുതി: രജിസ്ട്രേഷൻ വൈകിയാൽ 10,000 ദിർഹം പിഴ
യു.എ.ഇയിൽ ഏർപ്പെടുത്തിയ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യാൻ വൈകുന്ന സ്ഥാപനങ്ങൾക്ക് 10,000 ദിർഹം പിഴ പ്രഖ്യാപിച്ച് ധനമന്ത്രാലയം. രജിസ്ട്രേഷനിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ഈടാക്കുന്ന നിയമം ഈവർഷം മാർച്ച് ഒന്നു മുതൽ നിലവിൽ വരും. കോർപറേറ്റ് ടാക്സ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുന്ന നിയമത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ കൂടുതലുള്ള കമ്പനികൾ ഒമ്പത് ശതമാനം കോർപറേറ്റ് നികുതി നൽകണമെന്ന നിയമം കഴിഞ്ഞവർഷം ജൂൺ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്.
തുടർന്ന് ആഗസ്റ്റ് ഒന്നുമുതൽ രജിസ്ട്രേഷനിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ, ഈ വർഷം മാർച്ച് ഒന്നു മുതൽ നിയമം കൂടുതൽ കർശനമാക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് 10,000 ദിർഹം പിഴ ഈടാക്കാനുള്ള തീരുമാനം. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പിന്തുണ നൽകുന്നതിന്‍റെ ഭാഗമായാണ് 3.75 ലക്ഷം ദിർഹം എന്ന ഉയർന്ന ലാഭ പരിധി നിർണയിച്ചിരിക്കുന്നത്. ഇമാറ ടാക്സ് പ്ലാറ്റ് ഫോം വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.