യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം; വളർത്താനും വിൽക്കാനും വിലക്ക്
യുഎഇയിൽ അരളിച്ചെടിക്ക് (ഒലിയാൻഡർ) നിരോധനം ഏർപ്പെടുത്തി. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയതിനാലാണ് അരളിച്ചെടി വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ചത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യത മുന്നിൽകണ്ടാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൗസ സുഹൈൽ അൽ മുഹൈലി പറഞ്ഞു.
ഇവ ശരീരത്തിലെത്തിയാൽ ഛർദി, വയറിളക്കം, അസാധാരണ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെട്ട് മരണം വരെ സംഭവിക്കാം. സ്‌കൂൾ, പാർക്ക്, ഫ്‌ലവർ ഗാർഡൻ എന്നിവിടങ്ങളിൽനിന്ന് ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികളും ഊർജിതമാക്കി. വിലക്കിയിട്ടും ഈ ചെടിയുമായി സമ്പർക്കപ്പെടുന്നവരെക്കുറിച്ച് 800424 നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചു.