ദുബൈയിലെ കൂടുതൽ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം വരുന്നു
ദുബൈ എമിറേറ്റിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകളുടെ നിയന്ത്രണം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു. അടുത്ത വർഷം ജനുവരി ഒന്നു മുതൽ ദുബൈ എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി ദുബൈ പൊലീസും റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) അറിയിച്ചു.
അൽ അവീർ സ്ട്രീറ്റിനും ഷാർജക്കുമിടയിലുള്ള ഭാഗത്താണ് പുതിയ നിയന്ത്രണം. ഈ ഭാഗങ്ങളിൽ വൈകീട്ട് 5.30നും എട്ടിനും ഇടയിൽ ട്രക്കുകൾ പ്രവേശിക്കാൻ പാടില്ല. ദുബൈയിലെ പ്രധാന റോഡുകളിൽ ട്രക്ക് നിയന്ത്രണം വ്യാപിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
റോഡുകളിൽ അനുഭവപ്പെടുന്ന തിരക്ക് കുറച്ച് പ്രധാന നഗരങ്ങളിൽ സ്വകാര്യ വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം റോഡ് സുരക്ഷ നിലവാരം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും.
കഴിഞ്ഞ ഏപ്രിലിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾക്ക് ആർ.ടി.എ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെയും വൈകീട്ട് തിരക്കേറിയ സമയത്തുമായിരുന്നു നിയന്ത്രണം. അൽ ഇത്തിഹാദ് സ്ട്രീറ്റ്, മെയ്ദാൻ സ്ട്രീറ്റ്, പ്രധാന ക്രോസിങ്ങുകൾ എന്നിവിടങ്ങളിലും നിലവിൽ ട്രക്കുകൾക്ക് മുഴുവൻ സമയ നിയന്ത്രണമുണ്ട്.
ശൈഖ് സായിദ് റോഡ്, ഷാർജയിലെ റെസിഡൻഷ്യൽ മേഖലകളായ അൽ മിശർ, അൽ മുഹൈസിന, ഊദ് അൽ മുത്തീന എന്നിവിടങ്ങളിൽ രാവിലെ ആറു മുതൽ രാത്രി 10 വരെ 16 മണിക്കൂർ നിയന്ത്രണം പ്രാബല്യത്തിലാണ്. ഗതാഗത രംഗത്തെ വർധിക്കുന്ന ആവശ്യത്തിന് അനുസരിച്ചുള്ള സുരക്ഷയൊരുക്കുന്നതിനായി നടത്തിയ എൻജിനീയറിങ്, സാങ്കേതിക മാനദണ്ഡങ്ങളുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നതെന്ന് ദുബൈ പൊലീസ് ഓപറേഷൻസ് അഫയേഴ്സ് ആക്ടിങ് അസി. കമാൻഡന്റ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
വിവിധ മാധ്യമ മാർഗങ്ങൾ, സൈൻ ബോർഡുകൾ, മറ്റു വാർത്തവിനിമയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഡ്രൈവർമാർക്ക് നിയന്ത്രണം സംബന്ധിച്ച അറിയിപ്പ് നൽകും. ട്രക്ക് ഡ്രൈവർമാർ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഈ വർഷം ഇതുവരെ 792 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. നിയന്ത്രണമുള്ള സമയങ്ങളിൽ ട്രക്കുകൾ മറ്റു ബദൽ റോഡുകൾ ഉപയോഗിക്കണം. എമിറേറ്റിലുടനീളം സ്ഥാപിച്ചിട്ടുള്ള വിശ്രമ കേന്ദ്രങ്ങളിൽ നിയന്ത്രണ വേളകളിൽ വാഹനങ്ങൾ നിർത്തിയിടാമെന്നും അദ്ദേഹം വ്യക്തമാക്കി.