ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി
ദുബൈ നഗരത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജ് മൂന്നു ദിവസത്തേക്കുകൂടി നീട്ടി. നേരത്തെ ഞായറാഴ്ച അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് ആവശ്യം ശക്തമായ സാഹചര്യത്തിൽ ബുധനാഴ്ച വരെ സന്ദർശകർക്ക് ‘ബോണസ്’ അനുവദിച്ചതായി അധികൃതർ ശനിയാഴ്ച അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 18ന് ആരംഭിച്ച ഗ്ലോബൽ വില്ലേജ് 28ആം സീസൺ ഏപ്രിൽ 28 വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, മേയ് അഞ്ചുവരെ നീട്ടുകയായിരുന്നു. ഇതാണ് വീണ്ടും പുതുക്കി നിശ്ചയിച്ചത്. സീസൺ അവസാനിക്കുന്നതിന്റെ ഭാഗമായി പ്രവർത്തന സമയവും വർധിപ്പിച്ചിട്ടുണ്ട്. വൈകീട്ട് നാലു മുതൽ പുലർച്ച രണ്ടുവരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. അതോടൊപ്പം 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യവുമാണ്.