രൂപയുടെ മൂല്യം കൂപ്പുകുത്തി ; യുഎഇ ദിർഹത്തിൻ്റെ മൂല്യം റെക്കോർഡിൽ
രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മൂല്യം കൂപ്പുകുത്തിയതോടെ യു.എ.ഇ ദിർഹത്തിന്റെ വിനിമയനിരക്ക് റെക്കോഡ് നിലയിൽ. തിങ്കളാഴ്ച ദിർഹത്തിന്റെ വിനിമയ നിരക്ക് 23.70 ഇന്ത്യൻ രൂപയും കടന്ന് മുന്നേറി.
ഇതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാനുള്ള അനുയോജ്യ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ജനുവരി 20ന് ശേഷം അൽപം വിനിമയ നിരക്ക് കുറഞ്ഞിരുന്നു. എന്നാലിത് സാധാരണ മാസാന്ത ശമ്പളം ലഭിക്കുന്ന സമയമായപ്പോൾ വർധിച്ചത് ആശ്വാസകരമാണ്. ശമ്പളം കിട്ടി തുടങ്ങിയതിന്റെ തൊട്ടുപിറകെ എത്തിയ കറൻസി നിരക്ക് വർധന പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് മിക്കവരും. അതേസമയം രൂപയുടെ മൂല്യം കുറഞ്ഞത് നാട്ടിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക പ്രവാസികൾ പങ്കുവെക്കുന്നുണ്ട്. അതേസമയം, നാട്ടിൽ ബാങ്ക് ലോണും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികൾക്ക് വിനിമയ നിരക്ക് വർധന ആശ്വാസകരമാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പരിഷ്കാരങ്ങൾ അടക്കമുള്ള കാരണങ്ങളാണ് രൂപയുടെ മൂല്യമിടിയാൻ കാരണമായത്. ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കമാണ് രൂപയുടെ തകർച്ചക്ക് പ്രധാന കാരണമായത്. ഓഹരി വിപണികളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. കഴിഞ്ഞ മാസം ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് നിക്ഷേപകരുടെ പിൻമാറ്റമാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയായത്. പുതിയ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യത വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ദിർഹത്തിന്റെ വിനിമയ നിരക്ക് വരും ദിവസങ്ങളിൽ വീണ്ടും വർധിക്കുകയും ചെയ്യും.
ദിർഹത്തിന് സമാന രീതിയിൽ മുഴുവൻ ഗൾഫ് കറൻസികളുടെയും രൂപയുമായുള്ള വിനിമയ മൂല്യം ഉയർന്നിട്ടുണ്ട്. ബഹ്റൈൻ ദീനാറിന് 231.09 രൂപ, സൗദി റിയാലിന് 23.20 രൂപ, കുവൈത്ത് ദീനാറിന് 282.01രൂപ, ഖത്തർ റിയാലിന് 23.89രൂപ, ഒമാൻ റിയാലിന് 226.12രൂപ എന്നിങ്ങനെയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ വിനിമയ നിരക്ക്.