അടുത്ത ദിവസങ്ങളിൽ അബൂദബിയിലും ദുബൈയിലും ചൂട് കുറഞ്ഞേക്കും
അടുത്ത ദിവസങ്ങളിൽ അബൂദബിയിലും ദുബൈയിലും ചൂട് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അബൂദബിയിൽ 38 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 36 ഡിഗ്രി സെൽഷ്യസുമായിരിക്കും കൂടിയ താപനില. കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസിലേക്കും 28 ഡിഗ്രി സെൽഷ്യസിലേക്കും താഴും.
രാജ്യത്ത് പൊതുവെ നല്ല കാലാവസ്ഥയാണ് തുടരുന്നത്. എങ്കിലും ചില സമയങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കും. ചെറിയ മണൽക്കാറ്റിന് സാധ്യതയുണ്ടെന്നും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, അറബിക്കടൽ പ്രക്ഷുബ്ധവും ഒമാൻ കടൽ നേരിയതോതിൽ പ്രക്ഷുബ്ധവും ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. അടുത്ത ആഴ്ച അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ചിലയിടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും ചെറിയതോതിൽ മഴക്കും ഇടയാക്കും. എങ്കിലും രാജ്യത്തെ വലിയതോതിൽ ബാധിക്കില്ല.