യുഎഇയിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുമായി കപ്പൽ ഗാസയിൽ എത്തി
ഭക്ഷ്യ വസ്തുക്കളുമായി യു.എ.ഇയിൽ നിന്ന് പുറപ്പെട്ട ചരക്കു കപ്പൽ സൈപ്രസ് വഴി ഗാസ്സയിലെത്തി. സൈപ്രസിലെ ലർനക്ക ഇടനാഴി വഴിയാണ് കപ്പൽ ഗാസ്സയിലേക്ക് പ്രവേശിച്ചതെന്ന് യു.എ.ഇയുടെ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷ്മി അറിയിച്ചു.യൂറോപ്യൻ യൂനിയൻ, ഐക്യരാഷ്ട്ര സഭ, യു.എസ്, സൈപ്രസ്, യു.കെ എന്നിവയുടെ സംയുക്തമായാണ് വടക്കൻ ഗാസ്സയിലെ ജനങ്ങൾക്കായി ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നത്.
കപ്പലിലെ 252 ടൺ ഭക്ഷ്യ സഹായ വസ്തുക്കൾ ദാറുൽ ബലാഹിലെ യു.എൻ ഗോഡൗണിൽ എത്തിയിട്ടുണ്ട്. ഇവ ഫലസ്തീൻ ജനതക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കായി കാത്തിരിക്കുകയാണ്. യുദ്ധം ആരംഭിച്ച ശേഷം ഗാസ്സയിലേക്ക് യു.എ.ഇ ഇതുവരെ 32,000 അടിയന്തര സഹായ വസ്തുക്കൾ വിതരണം ചെയ്തിട്ടുണ്ട്.
260 വിമാനങ്ങൾ, 1243 ട്രക്കുകൾ, 49 എയർഡ്രോപ്പുകൾ എന്നിവ വഴിയാണ് ഭക്ഷ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഗാസ്സക്ക് കൈമാറിയത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് 3 സംരംഭത്തിന്റെ ഭാഗമായാണ് ഗാസ്സക്ക് സഹായ വിതരണം. കൂടാതെ, യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി യു.എ.ഇ റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ ഗാസ്സ മുനമ്പിൽ ഫ്ലോട്ടിങ് ഹോസ്പിറ്റലുകൾ സ്ഥാപിക്കുകയും കടൽവെള്ളം ശുദ്ധീകരിച്ച കൂറ്റൻ പ്ലാന്റുകൾ നിർമിച്ചു നൽകുകയും ചെയ്തിരുന്നു.
പരിക്കേറ്റവരിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരേയും അർബുധ ബാധിതരേയും ആകാശ മാർഗം യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്നുണ്ട്.