ദുബൈ അൽ മൻഖൂലിലെ മൂന്ന് റോഡുകളുടെ നവീകരണം പൂർത്തിയായി
ദുബൈ നഗരത്തിലെ അൽ മൻഖൂലിലെ മൂന്ന് റോഡുകളിൽ സുപ്രധാനമായ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). കുവൈത്ത് സ്ട്രീറ്റ് കവല, 12എ സ്ട്രീറ്റ്, 10 സി സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നവീകരണം നടപ്പാക്കിയത്.
ദുബൈയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നവീകരണം നടപ്പാക്കിയത്. ബിസിനസ് ഹബ് എന്ന നിലയിലും ജീവിത ഗുണനിലവാരത്തിലും ദുബൈയുടെ പദവി നിലനിർത്തുകയാണ് നവീകരണ പ്രവർത്തനങ്ങളുടെ ലക്ഷ്യം.
നഗരത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ സജീവതക്കും ജനസംഖ്യയിലെ വർധനക്ക് അനുസരിച്ച സൗകര്യങ്ങളൊരുക്കുന്നതിനും പദ്ധതി സഹായിക്കും.
ട്രാഫിക് തിരക്ക് വളരെ കൂടുതലുള്ള അൽ മൻഖൂലിൽ നിരവധി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആർ.ടി.എ നടപ്പാക്കിയിട്ടുണ്ടെന്ന് ആർ.ടി.എ ട്രാഫിക്, റോഡ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.
കുവൈത്ത് സ്ട്രീറ്റിന്റെയും 10 സി സ്ട്രീറ്റിന്റെയും ജങ്ഷനിൽ വലത്തോട്ടുള്ള പാതകൾ രണ്ടിൽ നിന്ന് ഒന്നായി കുറക്കുക, ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ കുറക്കുന്നതിനുമായി 10 സി സ്ട്രീറ്റിൽ യു-ടേൺ ഉൾപ്പെടുത്തുക എന്നിവ ഇതിലുൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാത നീട്ടുന്നതിനായി കുവൈത്ത് സ്ട്രീറ്റിലെ യു-ടേൺ മാറ്റി സ്ഥാപിച്ചത് വഴി ഗതാഗതം സുഗമമാകുകയും കുവൈത്ത് സ്ട്രീറ്റിലും 12എ സ്ട്രീറ്റിലും യാത്ര വൈകുന്നത് 30 ശതമാനം കുറക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത് വാഹനങ്ങളുടെ നീണ്ട നിരയും കാത്തിരിപ്പ് സമയവും കുറക്കും. അതോടൊപ്പം റോഡ് സുരക്ഷ വർധിപ്പിക്കാനും ഉപകരിക്കും.
അൽ മൻഖൂൽ പ്രദേശത്തുകൂടി കൂടുതൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ മൂന്ന് നവീകരണങ്ങളും സഹായിക്കുമെന്നും ഏകദേശം 1.3 ലക്ഷം താമസക്കാർക്കും സ്കൂൾ യാത്രികർക്കും പദ്ധതി ഉപകാരപ്പെടുമെന്നും ആർ.ടി.എ വാർത്തക്കുറിപ്പിൽ പറഞ്ഞു.