ഓഫീസിൽ പൊതുജനങ്ങളെ വിലക്കി ; ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം
ഓഫിസില്‍ പൊതുജനങ്ങളെ വിലക്കിയ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം. പൊതുജനങ്ങൾക്ക് ഓഫിസിൽ വിലക്ക് ഏർപ്പെടുത്തിയത് ഇമാറാത്തി സംസ്കാരത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ജനങ്ങള്‍ക്കുമുന്നില്‍ തുറന്ന വാതിലാണ് യു.എ.ഇയുടെ നയം.
പൊതുജനങ്ങളെ സേവിക്കാനും അവരുടെ ജീവിതം ലളിതമാക്കാനുമാണ് സര്‍ക്കാറിന്റെ മുന്‍ഗണന. അത് മാറിയിട്ടില്ലെന്നും ദുബൈയുടെ നയം മാറിയെന്ന് കരുതുന്നവരെ മാറ്റുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. സര്‍ക്കാറിന്റെ മിസ്റ്ററി ഷോപ്പര്‍ സംരംഭത്തിലൂടെയാണ് ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ഓഫിസുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ സംഘമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉപഭോക്തൃ സേവന നിലവാരത്തെക്കുറിച്ച് ശൈഖ് മുഹമ്മദിന് റിപ്പോര്‍ട്ട് നല്‍കിയത്.
പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ദുബൈ താമസ, കുടിയേറ്റ വകുപ്പ് (ജി.ഡി.ആര്.എഫ്.എ.) ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ മര്‍റിയെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. പൊതുജനങ്ങള്‍ക്കായി ജി.ഡി.ആര്.എഫ്.എയുടെ ഓഫിസുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭരണത്തെക്കുറിച്ചുള്ള എല്ലാ പാഠങ്ങളും ശൈഖ് മുഹമ്മദില്‍ നിന്നാണ് പഠിച്ചതെന്ന് അല്‍ മര്‍റി പറഞ്ഞു.
നേരത്തെയും ശൈഖ് മുഹമ്മദ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് നടപടിയെടുത്തിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് എമിറേറ്റ്സ് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തനത്തെ രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചിരുന്നു. 2016ല്‍ വിവിധ പ്രാദേശിക സര്‍ക്കാര്‍ ഓഫിസുകള്‍ സന്ദര്‍ശിക്കുകയും മുന്‍കൂട്ടി അറിയിക്കാതെ ചില മാനേജര്‍മാരും ഉന്നത ഉദ്യോഗസ്ഥരും അവധിയെടുത്തതായും കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും മോശം സേവന കേന്ദ്രമായി വിലയിരുത്തിയ ആശുപത്രിയുടെ ഡയറക്ടറെ പിരിച്ചുവിടുകയും ചെയ്തു. 2020ല്‍ ആരംഭിച്ച മിസ്റ്ററി ഷോപ്പര്‍ ആപ്പിലൂടെ സര്‍ക്കാര്‍ ഓഫിസുകളിലെ ഉപഭോക്തൃ അനുഭവങ്ങള്‍ പൊതുജനങ്ങള്‍ക്കും പങ്കുവെക്കാം.