യുഎഇയിൽ ചൂട് കനക്കുന്നു; ജൂൺ 15 മുതൽ ഉച്ചവിശ്രമം
യുഎഇയിൽ ചൂട് കനത്തു തുടങ്ങിയതോടെ പുറംജോലികൾ ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് അധികൃതർ. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. ഉച്ച 12 മുതൽ വൈകീട്ട് മൂന്നുവരെയാണ് പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാൻ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. 20 വർഷമായി തുടർച്ചയായി വേനൽക്കാലത്ത് രാജ്യത്ത് നിയമം നടപ്പിലാക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ അപകടങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നത് ലക്ഷ്യം വെച്ചാണ് നിയമം നടപ്പിലാക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് രാജ്യത്ത് ചൂടു കനക്കുന്നത്. ഉച്ചവിശ്രമ നേരങ്ങളിൽ തൊഴിലാളികൾക്ക് തണലുള്ളതും തണുപ്പുള്ളതുമായ സ്ഥലം ഒരുക്കി നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. ഇതിലൂടെ ദിവസത്തിലെ ഏറ്റവും ചൂടുകൂടിയ നേരങ്ങളിൽ ജീവനക്കാരുടെ ആരോഗ്യം സുരക്ഷിതമാകും.
ഉച്ചവിശ്രമ നിയമം യു.എ.ഇയുടെ സംസ്‌കാരത്തിൽ ആഴത്തിൽ സംയോജിപ്പിച്ചതാണെന്ന് തൊഴിലിടങ്ങളിലെ പരിശോധനയുടെ ചുമതലയുള്ള വകുപ്പ് അസി. അണ്ടർ സെക്രട്ടറി മുഹ്‌സിൻ അലി അൽ നാസി പറഞ്ഞു. കമ്പനികളുടെ അടിസ്ഥാന ഉത്തരവാദിത്തമെന്ന നിലയിൽ രൂപപ്പെടുത്തിയ സംവിധാനം തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അവശ്യ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിന് പൊതുജനക്ഷേമത്തെ ബാധിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ അടിയന്തര പ്രവൃത്തികൾക്കായി ഉച്ചവിശ്രമ നിയമത്തിന് ചില ഇളവുകളുണ്ടാകും. നിരോധിത സമയങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമ സ്ഥലങ്ങൾക്ക് പുറമെ, ഉപകരണങ്ങളും കുടിവെള്ള, പ്രഥമശുശ്രൂഷാ സൗകര്യങ്ങളും ഒരുക്കണമെന്നത് കമ്പനികൾക്ക് നിർബന്ധിതമാണ്. നിയമം പാലിക്കുന്നത് ഉറപ്പുവരുത്താനായി മന്ത്രാലയം തുടർച്ചയായ പരിശോധനകൾ നടത്തും. കാൾസെൻറർ, വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ വഴി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യവുമുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം, പരമാവധി 50,000 ദിർഹം വരെ പിഴ ചുമത്തും. നിയമത്തെ കുറിച്ച് തൊഴിലാളികളെയും തൊഴിലുടമകളെയും ബോധവത്കരിക്കുന്നതിന് കാമ്പയിനുകളും ഒരുക്കും.