അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു
അറേബ്യന്‍ കണ്ണിലൂടെ ഭൂമിയുടെ ചരിത്രം പറയാനൊരുങ്ങുന്ന അബൂദബി നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിര്‍മാണം 65 ശതമാനം പൂര്‍ത്തിയായതായി അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പും മിറാലും അറിയിച്ചു. സഅദിയാത്ത് സാംസ്കാരിക ജില്ലയില്‍ നിര്‍മിക്കുന്ന ഈ ഗണത്തിലെ മേഖലയിലെ ഏറ്റവും വലിയ മ്യൂസിയം 2025 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 6.7കോടി വര്‍ഷം പഴക്കമുള്ള ചരിത്രവശിഷ്ടങ്ങൾ അടക്കമുള്ള അപൂര്‍വം വസ്തുക്കളാണ് മ്യൂസിയത്തിലെത്തിക്കുക. 13.8 ബില്യന്‍ വര്‍ഷത്തിനു പിന്നിലേക്കാവും മ്യൂസിയം സന്ദര്‍ശകരെ കൊണ്ടുപോവുക. ഭൂമിയുടെ പിറവി മുതല്‍ ഭാവി ലോകം എങ്ങനെയായിരിക്കുമെന്നുവരെ മ്യൂസിയത്തിലെ ഗാലറികള്‍ സന്ദർശകരോട് പറയും. ഭൂമി സംരക്ഷിക്കുന്നതിന് ഇളംതലമുറയെ പ്രചോദിപ്പിക്കുന്നത് കൂടിയാവും മ്യൂസിയത്തിന്റെ ഉള്ളടക്കം.
അറേബ്യന്‍ കണ്ണിലൂടെയാണ് അബൂദബി ദേശീയ ചരിത്രമ്യൂസിയം ഭൂമിയുടെ ചരിത്രം പറയുന്നത്. മേഖലയുടെ ഭൗമശാസ്ത്ര ചരിത്രവും മ്യൂസിയത്തിലുണ്ടാവും. മിഡിൽ ഈസ്റ്റ് മേഖലയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമായിരിക്കും അബൂദബി പ്രകൃതി ചരിത്ര മ്യൂസിയം. ലോകത്തുടനീളമുള്ള അപൂര്‍വ വസ്തുക്കള്‍ യു.എ.ഇയുടെ തലസ്ഥാന നഗരിയിലെത്തുന്നതിനും മ്യൂസിയം കാരണമാവും. 40 വര്‍ഷം മുമ്പ് ആസ്ത്രേലിയയില്‍ പതിച്ച 700 കോടി വര്‍ഷം പഴക്കമുള്ള നക്ഷത്ര പൊടിയായ മുര്ഷിസോണ് മെറ്റീയോറൈറ്റ് വരെ മ്യൂസിയത്തിലെത്തിക്കുന്നുണ്ട്. 35,000 ചതുരശ്രമീറ്ററിലാണ് മ്യൂസിയം ഒരുങ്ങുന്നത്.
ലോകത്തിന്റെ പിറവി മുതല്‍ ഭാവി വരെ വരച്ചിടുന്ന അദ്ഭുതകാഴ്ചകളാവും മ്യൂസിയത്തിലുണ്ടാവുക. 35,000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ കെട്ടിപ്പടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇലക്ട്രിക്കല്‍, പ്ലംബിങ്, മെക്കാനിക്കല്‍, പ്രദര്‍ശന ജോലികള്‍ മുതലായവയാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പിന്റെയും മിറാലിന്റെയും ചെയര്മാന് മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക്, വകുപ്പ് അണ്ടര്‍സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് അല്‍ ഹുസ്നി, മിറാല്‍ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അല്‍ സാബി എന്നിവര്‍ മ്യൂസിയ നിര്‍മാണ പുരോഗതി നേരിട്ട് വിലയിരുത്തി.