ശൈഖ് സായിദ് റോഡിൽ നിന്ന് ദുബൈ ഹാർബറിനെ ബന്ധിപ്പിച്ച് പാലം വരുന്നു ; 43.1 കോടി ദിർഹമിന്റെ കരാറിന് അംഗീകാരം
ദുബൈ നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച് പാലം നിർമിക്കുന്നതിന് 43.1കോടി ദിർഹമിന്റെ കരാർ. 1,500 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ‘ശമൽ ഹോൾഡിങ്ങു’മായി സഹകരിച്ചാണ് നിർമിക്കുന്നത്. ദുബൈ ഹാർബർ പ്രദേശത്തേക്ക് യാത്ര എളുപ്പമാക്കുന്ന പാലം വഴി രണ്ട് ലൈനുകളിലായി മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. ദുബൈ ഹാർബറിലേക്ക് നേരിട്ട് പ്രവേശിക്കാൻ വഴിയൊരുക്കുന്ന പാലം താമസക്കാരുടെയും സന്ദർശകരുടെയും യാത്ര എളുപ്പമാക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എക്സി. ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മാതാർ അൽ തായർ പറഞ്ഞു. ദുബൈ അമേരിക്കൻ യൂനിവേഴ്സിറ്റിക്ക് സമീപത്തെ ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ജങ്ഷൻ മുതൽ ദുബൈ ഹാർബർ സ്ട്രീറ്റ് വരെയാണ് പാലമുണ്ടാവുക.
പദ്ധതി പൂർത്തിയാകുമ്പോൾ മേഖലയിൽ ഗതാഗതം മെച്ചപ്പെടുകയും യാത്രാസമയം 12 മിനിറ്റിൽ നിന്ന് മൂന്ന് മിനിറ്റായി കുറയുകയും ചെയ്യും. പാലം കടന്നുപോകുന്ന നാല് ജങ്ഷനുകളുടെ ഉപരിതല വികസനവും പദ്ധതിയിൽ ഉൾപ്പെടും. ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ഇന്റർസെക്ഷൻ, അൽ ഫലക് സ്ട്രീറ്റും അൽ നസീം സ്ട്രീറ്റും ചേരുന്ന കവല, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ് സ്ട്രീറ്റും അൽ നസീം സ്ട്രീറ്റും ചേരുന്ന കവല, ദുബൈ ഹാർബർ സ്ട്രീറ്റ് എന്നിവയുടെ ഉപരിതലമാണ് പദ്ധതിയുടെ കൂടെ വികസിപ്പിക്കുന്നത്.
ദുബൈ ഹാർബർ മേഖലയിൽ മികച്ച കമ്യൂണിറ്റികളും ആകർഷക കേന്ദ്രങ്ങളും രൂപപ്പെടുത്താനും പ്രദേശത്തെ വ്യത്യസ്തമായ കേന്ദ്രമാക്കി മാറ്റാനും പ്രതിജ്ഞാബദ്ധമാണെന്ന് ശമൽ ഹോൾഡിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അബ്ദുല്ല ബിൻ ഹബ്തൂർ പറഞ്ഞു. എമിറേറ്റിലെ സുന്ദരമായ തീരപ്രദേശമായ ദുബൈ ഹാർബറിലേക്കും തിരിച്ചും ഗതാഗതം തടസ്സമില്ലാത്തതാക്കാൻ പാലം സഹായിക്കുമെന്നും ആർ.ടി.എയുടെയും മറ്റു പങ്കാളികളുടെയും നിർമാതാക്കളുടെയും സഹകരണത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബുർജ് അൽ അറബ്, എക്സ്പോ ദുബൈ തുടങ്ങിയ സുപ്രധാന മേഖലകൾക്ക് സമീപം ബ്ലൂവാട്ടേഴ്സ് ദ്വീപിനും പാം ജുമൈറക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദുബൈ ഹാർബർ വിനോദ സഞ്ചാരികളുടെയും മറ്റും പ്രധാന ആകർഷണ കേന്ദ്രമാണ്. വൈവിധ്യമാർന്ന ലിവിങ്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി എന്നിവ സംയോജിപ്പിച്ച ഇവിടം 770 മീറ്റർ നീളമുള്ള റൺവേ ഉൾക്കൊള്ളുന്ന സ്കൈഡൈവ് ദുബൈയുടെ ആസ്ഥാനം കൂടിയാണ്. 7500ലേറെ അപ്പാർട്മെന്റുകൾ ഉൾക്കൊള്ളുന്ന 24 കെട്ടിട സമുച്ചയങ്ങൾ ഇവിടെ നിർമാണത്തിലുണ്ട്.