എസ് & സെഡ് ഗ്രൂപ്പ് അജ്മാനില്‍ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് സമാരംഭം കുറിച്ചു
അജ്മാനിൽ സ്ഥിതിചെയ്യുന്ന നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഹാബിറ്റാറ്റ് സ്കൂളുകൾ സ്ഥാപിച്ച ദീർഘവീക്ഷണമുള്ള സംഘടനയായ എസ് & സെഡ് ഗ്രൂപ്പ് അവരുടെ അത്യാധുനിക കാമ്പസായ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന്റെ സമാരംഭം പ്രഖ്യാപിച്ചു. അജ്മാനിലെ ഹമീദിയയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 2024-’25 അധ്യയന വർഷത്തേക്കുള്ള കവാടം തുറക്കാൻ ഒരുങ്ങുകയാണ്. യു.എ.ഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും യു.കെ യുടെ ഉന്നതമായ ദേശീയ പാഠ്യപദ്ധതിയും സവിശേഷമായി സംയോജിപ്പിച്ചുകൊണ്ടുള്ള നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹാബിറ്റാറ്റ് സ്കൂളുകൾ അവതരിപ്പിച്ച നൂതന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി അക്കാദമിക് മികവും സമഗ്രമായ സമീപനവും സംയോജിപ്പിക്കുന്ന, ചലനാത്മകമായ ഒരു പാഠ്യപദ്ധതി നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ വാഗ്ദാനം ചെയ്യും. യു.എ.ഇ യില്‍ ആദ്യമായി കൃഷിയും കോഡിംഗും സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയ പ്രശസ്തമായ ഗ്രൂപ്പാണിത്. റോബോട്ടിക്സ്, എ.ഐ ലാബ് എന്നിവയുൾപ്പെടെ ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉൾപ്പെടുത്തി എസ് & സെഡ് ഗ്രൂപ്പ് ഈ പാരമ്പര്യം തുടരുകയാണ്.
ആധുനികവും പ്രാദേശികവുമായ ഘടകങ്ങളും അത്യന്താധുനികമായ ബ്രിട്ടീഷ് വിദ്യാഭ്യാസ അവസരങ്ങളും സംയോജിപ്പിച്ച് ആഗോളതലത്തിൽ പരസ്പരബന്ധിതമായ ലോകത്തിനായി വിദ്യാർത്ഥികളെ തയ്യാറാക്കുകയെന്നതാണ് എസ് & സെഡ് ന്റെ ലക്ഷ്യം. ആഗോള വിദ്യാഭ്യാസ സാധ്യതകൾ, പാരിസ്ഥിതിക അവബോധം, പരസ്പര ബന്ധിത സാംസ്കാരിക വളർച്ച, യു.എ.ഇയുടെ ധാർമ്മികതയെയും ചരിത്രത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ വളർത്തുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അജ്മാനിലെ ഏറ്റവും വലിയ കാമ്പസുകളിലൊന്നായ ഈ സ്കൂളിൽ 11എ-സൈഡ് ഫുട്ബോൾ പിച്ച്, ഒളിമ്പിക് വലിപ്പത്തിലുള്ള നീന്തൽക്കുളം, അത്യാധുനിക സൗകര്യങ്ങളുള്ള സ്പെഷ്യലിസ്റ്റ് മുറികള്‍ എന്നിവ ഉൾപ്പെടുന്നു. എല്ലാ വിദ്യാർത്ഥികളുടെയും ഭാവനയെ വളര്‍ത്തുന്ന സമഗ്രവും ആവേശകരവുമായ പാഠ്യേതര പരിപാടി വാഗ്ദാനം ചെയ്തുകൊണ്ട് അവരുടെ സാമൂഹികവും വൈകാരികവുമായ വികസനത്തിൽ സ്കൂൾ ശ്രദ്ധ കേന്ദ്രീകരിക്കും.
നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ കോർണർസ്റ്റോൺസ് എജ്യുക്കേഷൻ-കരിക്കുലം മാസ്ട്രോ, ലേണിംഗ് ലാഡേഴ്സ്-സ്റ്റുഡന്റ് പ്രോഗ്രസ് ട്രാക്കിംഗ്, നാഷണൽ കോളേജ്-പ്രൊഫഷണൽ ഡെവലപ്മെന്റ് ഫോർ ടീച്ചേഴ്സ്, യുണീക്ക് വേൾഡ് റോബോട്ടിക്സ് ഫോർ അഡ്വാൻസ്ഡ് റോബോട്ടിക്സ് എജ്യുക്കേഷൻ, ആപ്പിൾ ഡിസ്റ്റിംഗ്വിഷ്ഡ് സ്കൂൾ-സെന്റർ ഓഫ് ലീഡർഷിപ്പ് ആൻഡ് എക്സലൻസ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കും.
പരമ്പരാഗത ബ്രിട്ടീഷ് വിദ്യാഭ്യാസ മൂല്യങ്ങളോടൊപ്പം നൂതന അധ്യാപന രീതികളും അത്യാധുനിക സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്ന് എസ് & സെഡ് ഗ്രൂപ്പ് ചെയർമാൻ ഹിസ് എക്സലന്‍സി. ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു. ഞങ്ങളുടെ എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ ബൗദ്ധികവും പെരുമാറ്റപരവുമായ ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സമഗ്രമായ സമീപനത്തിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സമീപനം ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക മാത്രമല്ല, അവരിൽ സാംസ്കാരിക സ്വത്വത്തിന്റെയും പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെയും ശക്തമായ ബോധം വളർത്തുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന്റെ സ്ഥാപക പ്രിൻസിപ്പൽ ഗ്യാരി വില്യംസ് പുതിയ സ്ഥാപനത്തെപ്പറ്റിയുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചു: "നോർത്ത് ഗേറ്റിൽ, അക്കാദമികലും സമഗ്രവുമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഉയർന്ന യോഗ്യതയും കഴിവുമുള്ള ഞങ്ങളുടെ അധ്യാപകര്‍ ഓരോ വിദ്യാർത്ഥിക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ സദാ സന്നദ്ധരായിരിക്കും. അതുവഴി അവരുടെ സ്വതസിദ്ധമായ കഴിവുകള്‍ കണ്ടെത്താനും വികസിപ്പിക്കാനും കഴിയും. ഞങ്ങളുടെ സ്കൂൾ സ്നേഹാധിഷ്ഠിതമായ പരസ്പരബന്ധത്തിലൂടെ ആജീവനാന്തസ്നേഹം സമൂഹത്തിനുള്ളിൽ പരിപോഷിപ്പിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ".
യു.എ.ഇയുടെ പ്രാദേശിക പാരമ്പര്യങ്ങളെയും സംസ്കാരത്തെയും ബഹുമാനിക്കുന്നതിനൊപ്പം യു.കെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട നൂതന പഠന രീതികൾ വികസിപ്പിക്കുന്നതിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു. "ബ്രിട്ടീഷ് സ്കൂളുകൾ അറിയപ്പെടുന്ന കർശനമായ അക്കാദമിക് മാനദണ്ഡങ്ങൾ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും, പുതിയ അധ്യാപന രീതികളും സാങ്കേതികവിദ്യകളും സ്വീകരിക്കാൻ ഞങ്ങൾ തുല്യമായി പ്രതിജ്ഞാബദ്ധരാണ്. അത്യന്താധുനിക സൗകര്യങ്ങൾ കൊണ്ട് നമ്മുടെ വിദ്യാർത്ഥികൾ ഭാവിയെ കരുപ്പിടിപ്പിക്കുന്നുണ്ടെന്ന് മാത്രമല്ല, അവരില്‍ സമൂഹത്തിൽ അർത്ഥവത്തായ സംഭാവനകൾ നൽകുന്നതിനായി പുതിയ അറിവും നൈപുണിയും വളര്‍ത്തുന്നുണ്ടെന്നും ഉറപ്പാക്കും.
നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന്റെ വിദ്യാഭ്യാസത്തോടുള്ള സമഗ്രമായ സമീപനം കല, കായികം, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയുടെ പ്രാധാന്യത്തിനും ഊന്നൽ നൽകും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലർത്താൻ തയ്യാറായ വ്യക്തികളെ പരിപോഷിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്യുന്ന വിവിധ പരിപാടികൾ സ്കൂൾ സംഘടിപ്പിക്കും. വ്യക്തിപരമായ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ആഗോള കാഴ്ചപ്പാട് പുലര്‍ത്തുന്നതും ആധുനിക ലോകത്തിന്റെ സങ്കീർണതകൾ കൈകാര്യം ചെയ്യാൻ കെല്പുള്ളതുമായ വിദ്യാർത്ഥികളെ സജ്ജരാക്കുമെന്ന് ഉറപ്പാക്കും.
വിദ്യാഭ്യാസത്തോടും സുസ്ഥിര പരിസ്ഥിതിയോടുമുള്ള എസ് & സെഡ് ഗ്രൂപ്പിന്റെ പ്രതിബദ്ധത നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന്റെ വികസനത്തോടുള്ള അവരുടെ സമീപനത്തിൽ വ്യക്തമാണ്. എല്ലാ ഹാബിറ്റാറ്റ് സ്കൂളുകളിലെയും പാഠ്യപദ്ധതിയിൽ പാരിസ്ഥിതിക സുസ്ഥിരത, പ്രോഗ്രാമിംഗ്, സാമൂഹിക പ്രവർത്തനം എന്നിവ സംയോജിപ്പിക്കുന്നതിൽ ഗ്രൂപ്പ് പ്രത്യേകിച്ചും അറിയപ്പെടുന്നു. മൊത്തം 252,000 ചതുരശ്ര അടിയില്‍. 394, 000 ചതുരശ്ര അടി വിസ്തൃതിയുള്ള പദ്ധതി. സ്പ്ലാഷ് ബിൽഡിംഗ് കോൺട്രാക്റ്റിംഗ് എൽഎൽസി വെറും 172 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി. യു.എ.ഇയില്‍ പ്രത്യേകിച്ച് അജ്മാനില്‍ വിദ്യാഭ്യാസ മികവിന് പുതിയ മാനം സൃഷിടിക്കുകയാണ് എസ് & സെഡ് ഗ്രൂപ്പ്..