സൂര്യാഘാത ചികിത്സ ; തൊഴിലാളികൾക്ക് പരിശീലനം നൽകുമെന്ന് യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം
സൂര്യാഘാതമേൽക്കുമ്പോൾ ചെയ്യേണ്ട പ്രാഥമിക ചികിത്സ സംബന്ധിച്ച് തൊഴിലാളികൾക്ക് പരിശീലനമൊരുക്കുമെന്ന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. കൊടും ചൂടിന്റെ സാഹചര്യത്തിൽ സഹപ്രവർത്തകർക്ക് സൂര്യാഘാതമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽപെട്ടാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുക.
പദ്ധതിയിൽ 6,000 തൊഴിലാളികൾക്കാണ് മന്ത്രാലയം പ്രാഥമിക ചികിത്സ നടപടികൾ പഠിപ്പിക്കാൻ ലക്ഷ്യമിടുന്നത്. വേനൽക്കാല രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ആരംഭിച്ച കാമ്പയിനിന്റെ പ്രഖ്യാപന ചടങ്ങിലാണ് ബുധനാഴ്ച അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. സഹപ്രവർത്തകരെ ആരോഗ്യ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ രക്ഷിക്കാമെന്നതാണ് പരിശീലിപ്പിക്കുകയെന്ന് ഹെൽത്ത് പ്രമോഷൻ വകുപ്പിലെ സ്പെഷൽ പ്രോഗ്രാംസ് ഡിവിഷൻ മേധാവി മിറ സുഹൈൽ പറഞ്ഞു.
ജൂലൈ ഒന്നു മുതൽ ഡോക്ടർമാരും വിദഗ്ധരും അടങ്ങുന്ന സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഷാർജയിലെ വർക്ക്സൈറ്റുകളും താമസസ്ഥലങ്ങളും സന്ദർശിച്ച് ചൂടിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. അൽ ദൈദ്, അൽ ഹംരിയ എന്നിവയുൾപ്പെടെ എമിറേറ്റിന്റെ മധ്യമേഖലയിലും കൽബ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്ൻ തുടങ്ങിയ വടക്കുപടിഞ്ഞാറൻ പട്ടണങ്ങളിലും കാമ്പയിൻ നടത്തുമെന്നും അധികൃതർ വെളിപ്പെടുത്തി.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും പ്രഥമശുശ്രൂഷ നൽകുന്നതിനും സമയബന്ധിതമായ വൈദ്യസഹായം ഏകോപിപ്പിക്കുന്നതിനും ആവശ്യമായ വൈദഗ്ധ്യം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് പരിശീലന പരിപാടി രൂപകൽപന ചെയ്തിരിക്കുന്നതെന്നും മിറ സുഹൈൽ പറഞ്ഞു.
ക്യാമ്പയിനിന്റെ ഭാഗമായി തൊഴിലാളികൾക്കായി അധികൃതർ ആരോഗ്യ പരിശോധനയും സംഘടിപ്പിക്കും. രക്തസമ്മർദം, പ്രമേഹം തുടങ്ങിയവയുടെ പരിശോധനകളും മറ്റും ഇതിലുൾപ്പെടുമെന്നും ഷാർജയിലെ മന്ത്രാലയത്തിന്റെ പ്രതിനിധി ഓഫിസ് ഡയറക്ടർ മുഹമ്മദ് അൽ സറൂണി പറഞ്ഞു.
ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാമ്പയിനിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഭക്ഷണം, ജ്യൂസുകൾ എന്നിവ സൗജന്യമായി നൽകുകയും ചെയ്യും. സോഷ്യൽ മീഡിയയിലും ക്യാമ്പയിൻ ബോധവത്കരണങ്ങളുണ്ടാകുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.