വേനലവധി തീരുന്നു ; ദുബൈ വിമാനത്താവളം തിരക്കിലേക്ക്
അവധി ദിനങ്ങൾ അവസാനിക്കുന്നതോടെ ദുബൈ വിമാനത്താവളത്തിലേക്ക് അടുത്ത ദിവസങ്ങളിൽ ഒഴുകിയെത്തുക ലക്ഷക്കണക്കിന് യാത്രക്കാർ. ഇതുമൂലം വരുംദിവസങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്കാവും അനുഭവപ്പെടുക.അടുത്ത 13 ദിവസത്തിനകം 33 ലക്ഷം യാത്രക്കാർ വിമാനത്താവളത്തിൽ എത്തുമെന്നാണ് എമിഗ്രേഷൻ ഡിപ്പാർട്മെന്റിന്റെ കണക്ക്. തിരക്ക് ഒഴിവാക്കാൻ സ്മാർട്ട് ഗേറ്റ് ഉൾപ്പെടെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
രണ്ടു മാസത്തോളം നീണ്ട വേനലവധിക്ക് സ്വദേശത്തേക്ക് പോയ പ്രവാസികളും വിദേശത്തേക്ക് പോയ സ്വദേശികളും കൂട്ടത്തോടെ അടുത്ത ദിവസങ്ങളിൽ യു.എ.ഇയിൽ തിരിച്ചെത്തിത്തുടങ്ങും. കുട്ടികളടക്കമുള്ള കുടുംബങ്ങളാണ് തിരിച്ചുവരുന്നത്. ഇത് ദുബൈ വിമാനത്താവളത്തിൽ വലിയ തിരക്കിന് കാരണമാകും. ഇത് മുന്നിൽക്കണ്ട് യാത്രക്കാർക്ക് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ എളുപ്പമാക്കാനുള്ള തയാറെടുപ്പിലാണ് വിമാനത്താവള അധികൃതരും എമിഗ്രേഷൻ ഡിപ്പാർട്മെന്റും.
നാലു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടർ ദുബൈ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഇവിടെ സ്വയം പാസ്പോർട്ടിൽ സീൽ പതിപ്പിക്കാൻ സൗകര്യമുണ്ടാകും.യു.എ.ഇ റെസിഡന്റ് വിസയും എമിറേറ്റ്സ് ഐഡിയുമുള്ളവർ തിരിച്ചെത്തുമ്പോൾ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കണമെന്ന് അധികൃതർ പറഞ്ഞു. നേരത്തേ സംവിധാനം ഉപയോഗിച്ചവർക്കും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും രേഖകൾ സ്കാൻ ചെയ്യാതെ കാമറയിൽ മുഖം മാത്രം കാണിച്ച് സ്മാർട്ട് ഗേറ്റിൽ നടപടികൾ പൂർത്തിയാക്കാനാകും. 12നു മുകളിൽ പ്രായമുള്ളവർക്കാണ് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാനാവുക.