ബുർജ് ഖലീഫയിൽ കുട്ടികൾക്ക് സമ്മർ ക്യാമ്പ്
ബുർജ് ഖലീഫയുടെ 124 നിലയിലേക്ക് ടൂർ ഉൾപ്പെടെ കുട്ടികൾക്കായി ദുബൈ മാളിൽ നാലു ദിവസത്തെ സമ്മർ ക്യാമ്പിന് അവസരം. ജൂലൈ ഒന്നു മുതൽ ആരംഭിച്ച ക്യാമ്പ് ആഗസ്റ്റ് 29 വരെ നീളും.തിങ്കൾ മുതൽ വ്യാഴം വരെയാണ് ക്യാമ്പുണ്ടാവുക. ദുബൈയിലെ ഏറ്റവും വലിയ മാളായ ദുബൈ മാൾ, ബുർജ് ഖലീഫ എന്നിവ ഉൾപ്പെടെ ആറ് ആകർഷണങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രാവിലെ ഒമ്പത് മുതൽ മൂന്നു വരെയുള്ള ക്യാമ്പിൽ വിദ്യാഭ്യാസ പരിശീലനത്തോടൊപ്പം അക്കാദമിക് ഇതര വിഷയങ്ങളിൽ ക്ലാസുകളും പഠനങ്ങളും ഉണ്ടാകും. ആദ്യ ദിനത്തിൽ നാടക കളരി, നൃത്ത പഠനം, കല, കരകൗശലവസ്തു നിർമാണം, ഫാഷൻ സ്റ്റുഡിയോ, മ്യൂസിക് മിക്സിങ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ദിവസത്തിൽ റീൽ ജൂനിയർ സിനിമയിൽ വിവിധ സിനിമകൾ പ്രദർശിപ്പിക്കും. കൂടാതെ പ്ലേ ഡി.എക്സ്.ബിയിൽ റൈഡ് ചെയ്യാനും കളിക്കാനും അവസരമുണ്ടാകും.
മൂന്നാം ദിനത്തിൽ ദുബൈ ഐസ് റിംഗിൽ സ്കേറ്റിങ് നടത്താം. അതോടൊപ്പം ബുർജ് ഖലീഫയുടെ 124ആം നിലയിലേക്ക് ടൂർ പോകുകയും ചെയ്യും. നാലാം ദിവസം അക്വാറിയം ടണൽ, അണ്ടർ വാട്ടർ സൂ, പെൻഗ്വിൻ കേവ് എന്നിവിടങ്ങളിലേക്ക് സന്ദർശനം അനുവദിക്കും.കൂടാതെ ഗ്ലാസ് ബോട്ടം ബോട്ടിൽ യാത്ര എന്നിവയും നടത്തും. ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള പാക്കേജിന് ഒരു കുട്ടിക്ക് 799 ദിർഹവും ഭക്ഷണവും വെള്ളവുമില്ലാത്ത പാക്കേജിന് 699 ദിർഹവുമാണ് ചാർജ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കുട്ടികളെ രാവിലെ 9.15നും 9.30നും ഇടയിൽ കിഡ്സാനിയയിൽ എത്തിക്കുകയും വൈകീട്ട് മൂന്നു മണിക്ക് ഇവിടെ നിന്ന് തിരികെ കൊണ്ടുപോവുകയും വേണം.ഏഴ് മുതൽ 14 വരെ പ്രായമുള്ളവർക്കാണ് അവസരം. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പവും പങ്കെടുക്കാം. ഇവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജിന് 399 ദിർഹമും ഭക്ഷണമില്ലാത്ത പാക്കേജിന് 299 ദിർഹവുമാണ് നിരക്ക്.