‘എ.ഐ’യിൽ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ ശൈഖ് തഹ്നൂൻ
ഏറ്റവും നൂതന സാങ്കേതികവിദ്യയായ നിർമിത ബുദ്ധി മേഖലയിൽ ആഗോളതലത്തിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടംപിടിച്ച് അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ. ടൈം മാഗസിനാണ് പ്രമുഖർ അടങ്ങിയ പട്ടിക പുറത്തുവിട്ടത്. അബൂദബിയിലെ പ്രമുഖ നിർമിതബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ് ഗ്രൂപ്പായ ‘ജി 42’ന്റെ ചെയർമാനാണ് ശൈഖ് തഹ്നൂൻ.
ചാറ്റ് ജി.പി.ടി നിർമാതാവ് സാം ആൾട്മാൻ, മെറ്റ ചീഫ് എക്സിക്യൂട്ടിവ് മാർക് സക്കർബർഗ് എന്നിവർക്കൊപ്പമാണ് പട്ടികയിൽ അദ്ദേഹം ഇടംപിടിച്ചിട്ടുള്ളത്. യു.എ.ഇയിൽനിന്ന് അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൗൺസിൽ സെക്രട്ടറി ജനറൽ ഫൈസൽ അൽ ബന്നായും പട്ടികയിലുണ്ട്. അൽ ബന്നായ് ഏപ്രിൽ മാസത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഗവേഷണ, നൂതന സാങ്കേതിക വിദ്യ കാര്യ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടിരുന്നു.
സർക്കാർ മന്ത്രിയുടെ റാങ്കിലുള്ള ചുമതലയാണിത്. നിർമിത ബുദ്ധിയിൽ സുപ്രധാന പങ്കുവഹിക്കുന്ന 100 പേരെ കുറിച്ച് പരിചയപ്പെടുത്തുന്നതിനാണ് ടൈം മാഗസിൻ പട്ടിക തയാറാക്കിയത്. നിർമിത ബുദ്ധിയുടെ ഉത്തരവാദിത്ത പൂർണമായ ഉപയോഗത്തെ വിജയിപ്പിക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങളിൽ ശൈഖ് തഹ്നൂൻ പ്രധാന പങ്കാണ് വഹിച്ചുവരുന്നത്. ഏപ്രിലിൽ ജി 42ന് മൈക്രോസോഫ്റ്റിൽനിന്ന് 150 കോടി ഡോളർ നിക്ഷേപം ലഭിച്ചിരുന്നു. പട്ടികയിൽ ഇടംപിടിച്ച രണ്ടുപേരെയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിലൂടെ അഭിനന്ദിച്ചു. കഴിഞ്ഞ വർഷം പുറത്തുവിട്ട പട്ടികയിൽ നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഉമർ അൽ ഉലമ ഉൾപ്പെട്ടിരുന്നു.