യുഎഇ യുവജന മന്ത്രിയാകാൻ അപേക്ഷ ക്ഷണിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
യുഎഇയിൽ യുവജന മന്ത്രിയാകാൻ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈസനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം. രാജ്യത്തെ യുവതീ യുവാക്കളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
യുവജനതയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനെ പ്രതിനിധീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുകയും ചെയ്യുന്ന യുവതീയുവാക്കളെ യുഎഇയുടെ യുവജന മന്ത്രിയാകാന്‍ തേടുന്നു.ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം.വിവേകത്തോടെയുള്ള സമീപനവും ധൈര്യവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം. പിറന്ന മണ്ണിനെയും രാജ്യത്തെയും സേവിക്കുന്നതിനുളള അഭിനിവേശവും ഉണ്ടായിരിക്കണം. യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തില്‍ അയയ്ക്കണം- എന്നാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയത്