മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് എയർ ടാക്സികൾ നിലവിൽ വരും: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്
മൂന്ന് വർഷത്തിനുള്ളിൽ ദുബായിൽ എയർ ടാക്‌സികൾ സർവീസ് ആരംഭിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിന്റെ ഭാഗമായി ദുബായിൽ നിർമിക്കുന്ന പുതിയ എയർ ടാക്‌സി സ്റ്റേഷനുകളുടെ രൂപകല്പനയ്ക്ക് അംഗീകാരം നൽകിയതായും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്ങിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ 2026ൽ പൂർത്തിയാകും. ഗതാഗത കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർ ടാക്സികൾ ആരംഭിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്താൻ പോകുന്ന എയർ ടാക്സികൾക്ക് പരമാവധി വേഗം. 241 കിലോമീറ്ററാണ് സഞ്ചരിക്കാവുന്ന പരമാവധി ദൂരം. 5 സീറ്റുണ്ടാകും. പൈലറ്റിനു പുറമേ 4 യാത്രക്കാർക്കും ഇരിക്കാം.
ടാക്സി സ്റ്റേഷന്റെയും എയർ ടാക്സികളുടെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും. യാത്രയുടെ ചെലവിനെക്കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടില്ല.