പ്രതിരോധമന്ത്രാലയം സന്ദർശിച്ച് ശൈഖ് ഹംദാൻ ; മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മന്ത്രിസഭാംഗമായി ചുമതലയേറ്റ ശേഷം ആദ്യമായി പ്രതിരോധ മന്ത്രാലയം സന്ദർശിച്ചു.മന്ത്രാലയത്തിലെയും യു.എ.ഇ സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പ്രവർത്തനങ്ങളും പുതിയ സംരംഭങ്ങളും അവലോകനം ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമും ചേർന്ന് സ്ഥാപിച്ച മന്ത്രാലയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
യൂണിയനെയും അതിന്റെ ഐക്യത്തെയും സംരക്ഷിക്കുന്നത് പവിത്രമായ കടമയാണ്.ഈ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ സ്വാധീനം ചെലുത്തിയ എല്ലാ സംഭാവനകൾക്കും നാം വലിയ നന്ദിയുള്ളവരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈഖ് ഹംദാനെ യു.എ.ഇ പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് അൽ മസ്റൂയി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് വകുപ്പ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ, യു.എ.ഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ഇസ്സ ബിൻ അബ്ലാൻ അൽ മസ്റൂയി തുടങ്ങിയ പ്രതിരോധ മന്ത്രാലയത്തിലെയും യു.എ.ഇ സായുധ സേനയിലെയും മുതിർന്ന കമാൻഡർമാരും ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.
മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ, പ്രധാന സംരംഭങ്ങൾ, വിവിധ വിഷയങ്ങളെ അഭിമുഖീകരിക്കുന്ന രീതി എന്നിവയെക്കുറിച്ച് ശൈഖ് ഹംദാന് വിശദീകരണം നൽകി.