പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി ശൈഖ് ഹംദാൻ
എമിറേറ്റിലെ സാമ്പത്തിക രംഗത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിവരുന്ന പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം.
ലോകത്താകമാനം വിപുലമായ രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സുമായി (എം.ബി.ആർ.ജി.ഐ) സഹകരിച്ചുവരുന്ന വ്യവസായികളാണ് ചടങ്ങിൽ പങ്കെടുത്തത്.
ജീവകാരുണ്യ, മാനുഷിക സംരംഭങ്ങൾ ദുബൈയുടെ ആഗോളതലത്തിലെ സാന്നിധ്യവും പദവിയും ഉയർത്തുന്നതിൽ പ്രധാനമാണെന്നും എമിറേറ്റിന്റെ വിജയത്തിനും വികസന യാത്രയുടെ പുരോഗതിക്കും പ്രധാന സംഭാവന ചെയ്യുന്ന ഘടകമാണെന്നും ശൈഖ് ഹംദാൻ പ്രസ്താവിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഭരണനിർവഹണത്തിലും സാമ്പത്തിക രംഗത്തും കായിക മേഖലയിലും എന്നപോലെ ജീവകാരുണ്യ രംഗത്തും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
30ലധികം ചാരിറ്റബിൾ, മാനുഷിക സ്ഥാപനങ്ങളിലൂടെ 2022ൽ മാത്രം 100 രാജ്യങ്ങളിലായി 10.2 കോടിയിലധികം ആളുകൾക്ക് എം.ബി.ആർ.ജി.ഐയുടെ സേവനം ഉപകാരപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. ചടങ്ങിൽ എം.ബി.ആർ.ജി.ഐ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗർഗാവി, അസി. സെക്രട്ടറി ജനറൽ സഈദ് മുഹമ്മദ് അൽ അത്വർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
യു.എ.ഇയിലെ പ്രമുഖ മലയാളി വ്യവസായികളായ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ശംസീർ വയലിൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.