പൗരന്മാരുടെ കടങ്ങൾ എഴുതിത്തള്ളി ഷാർജ സുൽത്താൻ
പൗരന്മാരുടെ 115 കോടി ദിർഹമിന്റെ കടങ്ങൾ എഴുതിത്തള്ളി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 13ാമത് ഇന്റർനാഷനൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറം (ഐ.ജി.സി.എഫ്) ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പൗരന്മാരുടെ കടങ്ങൾ എഴുതിത്തള്ളിയതായി സുൽത്താൻ പ്രഖ്യാപിച്ചത്.
‘ചടുലമായ സർക്കാറുകൾ... നൂതന ആശയവിനിമയം’ എന്നതാണ് ഈ വർഷത്തെ ഫോറത്തിന്റെ മുദ്രാവാക്യം. ഫോറം ഉദ്ഘാടന വേളയിൽ സർക്കാർ സംവിധാനങ്ങളുടെ സുഗമമായ നടത്തിപ്പിന്റെയും പൗരന്മാരുമായി നേരിട്ട് ആശയവിനിമയം നടത്തേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ സുൽത്താൻ ഷാർജ കടാശ്വാസ സമിതിയുടെ രൂപവത്കരണത്തിലേക്ക് ഈ നയങ്ങൾ എങ്ങനെ നയിച്ചുവെന്നത് സംബന്ധിച്ചും വിശദീകരിച്ചു. ജനങ്ങളുമായി സംവദിക്കുന്നതിൽ നിലവിലെ സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ‘ഡയറക്ട് ലൈൻ’ എന്ന പേരിൽ റേഡിയോ, ടെലിവിഷൻ പ്രോഗ്രാം ആരംഭിച്ചത്. എങ്കിലും ചില കാര്യങ്ങൾ ജനങ്ങൾക്ക് പൊതുമധ്യത്തിൽ ചർച്ച ചെയ്യാനാവില്ല. ഈ സാഹചര്യത്തിലാണ് ‘മുബാറ’ എന്ന പേരിൽ പുതിയ വാർത്ത ചാനൽ ആരംഭിച്ചിരിക്കുന്നത്.
ഇതിലൂടെ സഹായം ആവശ്യമുള്ള പല കേസുകളും കണ്ടെത്താൻ കഴിഞ്ഞുവെന്നും അതാണ് ഷാർജ കടാശ്വാസ സമിതിയുടെ രൂപവത്കരണത്തിലേക്ക് നയിച്ചതെന്നും സുൽത്താൻ കൂട്ടിച്ചേർത്തു. ഐ.ജി.സി.എഫ് ഈ വർഷം പ്രചോദിത പ്രഭാഷണങ്ങൾ, പരിശീലന പരിപാടികൾ ഉൾപ്പെടെ 160ലധികം പ്രവർത്തനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.