കടബാധ്യത തീർക്കാൻ ഏഴു കോടി ദിർഹം പ്രഖ്യാപിച്ച് ഷാർജ സുൽത്താൻ
സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട പൗരന്മാരുടെ കടബാധ്യത തീർക്കാൻ ആറു കോടി 94 ലക്ഷം ദിർഹത്തിന്റെ പദ്ധതിക്ക് ഷാർജ ഡെബ്റ്റ് സെറ്റിൽമെന്റ് കമ്മിറ്റി (എസ്.ഡി.എസ്.സി) അംഗീകാരം നൽകി. പദ്ധതിക്ക് അംഗീകാരം നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകുകയായിരുന്നു.
26ാം ബാച്ചിലുള്ള 131 പേരുടെ കടമാണ് ഇത്തവണ തീർക്കുകയെന്ന് എസ്.ഡി.എസ്.സി, അൽ ദവാൻ അൽ അംറി ചെയർമാൻ റാശിദ് അഹ്മദ് ബിൻ അൽ ശൈഖ് പറഞ്ഞു. ആദ്യ ബാച്ച് മുതൽ 26ാം ബാച്ച് വരെയുള്ളവരുടെ കടബാധ്യത തീർക്കുന്നതിന് ആകെ 11.96 കോടിയാണ് അനുവദിച്ചത്. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം 2,343ലെത്തിയതായും അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം നൽകാൻ ഉദ്ദേശിച്ചാണ് ഭരണാധികാരിയുടെ ഉദാര നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.