ഷാർജ പൊലീസ് കൂടുതൽ സ്മാർട്ടാകുന്നു ; സ്വകാര്യ വാഹനങ്ങളുടെ പരിശോധനയ്ക്ക് ആപ്
ഷാർജ എമിറേറ്റിലെ വാഹന രജിസ്ട്രേഷൻ പുതുക്കാൻ ഇനി എളുപ്പ മാർഗം. വാഹന പരിശോധന പൂർത്തിയാക്കാൻ ആപ് സംവിധാനമൊരുക്കി രജിസ്ട്രേഷൻ അധികൃതർ. ഷാർജ പൊലീസ്, റാഫിദ് വെഹിക്ൾ സൊലൂഷൻസുമായി സഹകരിച്ചാണ് ‘റാഫിദ്’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഷാർജ ലൈസൻസുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് സംവിധാനം ഉപകാരപ്പെടുക. കേടുപാടുകളില്ലെന്ന് തെളിയിക്കാൻ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്. എട്ട് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും അവസാന സാങ്കേതിക പരിശോധനക്ക് ശേഷം 18 മാസത്തിൽ കൂടുതൽ പിന്നിട്ടിട്ടില്ലാത്തതുമായ വാഹനങ്ങൾക്കാണ് സൗകര്യം ഉപയോഗിക്കാനാവുക.
ഉപയോക്താക്കൾക്ക് ആപ്പിലെ ‘റിമോട്ട് ഇൻസ്പെക്ഷൻ’ ഐക്കണിൽ ക്ലിക്കുചെയ്ത് നിർദേശങ്ങൾക്ക് അനുസരിച്ച് പ്രക്രിയ പൂർത്തിയാക്കാം. മാനദണ്ഡങ്ങൾക്കനുസരിച്ച് കാറിന്‍റെ ആവശ്യമായ വശങ്ങളുടെ വ്യക്തമായ ഫോട്ടോകൾ എടുക്കുകയും അപ്ലോഡ് ചെയ്യുകയും വേണം. വാഹനം അപകടത്തിൽ നിന്ന് മുക്തമാണോ എന്ന് പരിശോധിക്കാനാണിത്. സാധാരണ പരിശോധന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ സാങ്കേതിക പരിശോധന പൂർത്തിയാക്കാൻ സംവിധാനം സഹായിക്കും.
കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഈ സർവിസ് ലഭിക്കുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഷാർജ എമിറേറ്റിന്‍റെ ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗമാണ് ഈ സംരംഭമെന്നും വ്യക്തികളുടെ ആവശ്യങ്ങൾ കാര്യക്ഷമമായും വേഗത്തിലും നിറവേറ്റുന്ന സ്മാർട്ട് സർക്കാർ സേവനങ്ങൾ നൽകി നടപടിക്രമങ്ങൾ സുഗമമാക്കുകയാണ് ലക്ഷ്യമെന്നും ഷാർജ പൊലീസിലെ വെഹിക്ൾ ആൻഡ് ഡ്രൈവർ ലൈസൻസിങ് വകുപ്പ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽ കേയ് പറഞ്ഞു.