ഷാർജ- ദുബൈ റോഡ്: പുതിയ വേഗപരിധി; ലംഘിച്ചാൽ 3,000 ദിർഹം വരെ പിഴ
ഷാർജക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള റോഡിൽ വേഗപരിധി 80 കിലോമീറ്റർ മറികടന്നാൽ 3000 ദിർഹം വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ഷാർജ ട്രാഫിക് പൊലീസ്. മൂന്ന് ദിവസം മുമ്പ് ഈ റോഡിലെ വേഗപരിധി മണിക്കൂറിൽ 100ൽനിന്ന് 80 കിലോമീറ്ററായി കുറച്ചിരുന്നു.
അൽ ഇത്തിഹാദ് റോഡിലെ ഷാർജ-ദുബൈ ബോർഡർ മുതൽ അൽ ഗർഹൂദ് പാലം വരെയാണ് നിയന്ത്രണം. വേഗപരിധി 80 കിലോമീറ്റർ സൂചിപ്പിക്കുന്ന പുതിയ സൈൻ ബോർഡും ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനത്തിന്റെ വ്യാപ്തിക്കനുസരിച്ച് 300 ദിർഹം മുതൽ 3,000 ദിർഹം വരെയാണ് പിഴ ചുമത്തുക. ഈ റോഡിൽ, നവംബർ 20 മുതൽ വേഗപരിധി 100 കിലോമീറ്ററിൽനിന്ന് 80 കിലോമീറ്ററായി കുറക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചിരുന്നു.