നിയമാനുസരണം ഇ-സ്കൂട്ടർ ഓടിച്ചാൽ ‘സ്കൂട്ടർ ഹീറോ’ പിൻ
ഇ-സ്കൂട്ടർ ഓടിക്കുമ്പോൾ പാലിക്കേണ്ട എല്ലാ നിയമങ്ങളും അനുസരിച്ച റൈഡർമാർക്ക് ദുബൈ പൊലീസിന്റെ അവാർഡ്. ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയിയാണ് റൈഡർമാരെ ആദരിച്ച് ‘സ്കൂട്ടർ ഹീറോ’ പിൻ സമ്മാനിച്ചത്. ഇ-സ്കൂട്ടർ യാത്രക്കാർ ധാരാളമായി അപകടത്തിൽ പെടുന്ന സാഹചര്യത്തിലാണ് ബോധവത്കരണം ലക്ഷ്യംവെച്ച് പുതിയ സംവിധാനം അധികൃതർ ഒരുക്കിയത്.
അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതിന് ദുബൈ പൊലീസിലെ ട്രാഫിക് എജുക്കേഷൻ വകുപ്പ് ഒരു ടീമിനെ തന്നെ നിശ്ചയിച്ച് റൈഡർമാരെ നിരീക്ഷിച്ചിരുന്നു. ഇതിലൂടെ കണ്ടെത്തിയവർക്കാണ് നിലവിൽ ‘സ്കൂട്ടർ ഹിറോ, പിൻ നൽകിയിട്ടുള്ളത്. ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കാനും പിൻ സ്വന്തമാക്കാൻ മറ്റുള്ളവർക്ക് പ്രചോദനം നൽകാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.നിശ്ചിതപാതയിലൂടെ മാത്രം സഞ്ചരിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കുക, ഹെൽമറ്റും റിഫ്ലക്ടീവ് ജാക്കറ്റും ധരിക്കുക, മുന്നിലും പിന്നിലുമായി ലൈറ്റുകൾ സ്ഥാപിക്കുക, ബ്രേക്കുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുക എന്നിങ്ങനെ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനും പൊലീസ് വകുപ്പ് സ്വീകരിക്കുന്ന നടപടികളെ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി അഭിനന്ദിക്കുകയും ചെയ്തു. ഡ്രൈവർമാർ, യാത്രക്കാർ, കാൽനടയാത്രക്കാർ തുടങ്ങിയവർക്കെല്ലാം റോഡ് സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.