ദുബായിൽ രണ്ടിടങ്ങളിൽക്കൂടി സാലിക് ഗേറ്റുകൾ സ്ഥാപിക്കും
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽസഫ സൗത്തിലും നവംബറോടെ ടോൾഗേറ്റുകൾ സ്ഥാപിക്കുമെന്ന് ദുബായ് ടോൾഗേറ്റ് ഓപ്പറേറ്ററായ സാലിക് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതൽവിവരങ്ങൾ ഈ മാസാവസാനത്തോടെ പുറത്തുവിടും. പുതിയഗേറ്റുകൾ വരുന്നതോടെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വിശദമായ പഠനങ്ങൾക്കുശേഷമാണ് രണ്ട് പ്രധാന സ്ഥലങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) തിരഞ്ഞെടുത്തത്. അൽ ഖൈൽ റോഡിലും ശൈഖ് സായിദ് റോഡിലും 15 ശതമാനംവരെയും അൽ റബാത്ത് സ്ട്രീറ്റിൽ 16 ശതമാനംവരെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടോൾഗേറ്റുകൾ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. വരുമാനമാർഗങ്ങൾ വൈവിധ്യവത്കരിക്കാനുള്ള സംരംഭങ്ങളുടെ ഭാഗമാണിതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
വർഷംതോറും സാലിക് ഗേറ്റുകളിലൂടെയുള്ള യാത്രകളുടെ എണ്ണത്തിൽ വലിയതോതിൽ വർധനയാണ് രേഖപ്പെടുത്തുന്നത്. പുതിയ ഗേറ്റുകൾകൂടി പ്രവർത്തനക്ഷമമാകുന്നതോടെ സാലികിന്റെ മൊത്തം ടോൾഗേറ്റുകളുടെ എണ്ണം എട്ടിൽനിന്ന് 10-ആയി ഉയരും. നിലവിൽ അൽ ബർഷ, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജെബൽ അലി എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റുകളുള്ളത്.