അന്താരാഷ്ട്ര ബ്രാൻഡിൻ്റെ വ്യാജ ഉൽപന്നങ്ങളുടെ വിൽപന ; പിടികൂടി റാസൽഖൈമ പൊലീസ്
അന്താരാഷ്ട്ര ബ്രാന്‍ഡ് വ്യാപാര മുദ്രകളുള്ള വ്യാജ ഉൽപന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. 2.3 കോടി ദിര്‍ഹം വിപണി മൂല്യം വരുന്ന 6,50,468 വ്യാജ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് റാക് പൊലീസ് ഓപറേഷന്‍സ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രി. അഹമ്മദ് സെയ്ദ് മന്‍സൂര്‍ പറഞ്ഞു.
റാക് പൊലീസ് കുറ്റാന്വേഷണ വിഭാഗവും സാമ്പത്തിക വികസനവകുപ്പ് വാണിജ്യ-നിയന്ത്രണ സംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് വ്യാജ ഉൽപന്നങ്ങള് പിടിച്ചെടുത്തത്. സംഭവത്തില്‍ അറബ് പൗരത്വമുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കോസ്മെറ്റിക്സ്, ആക്സസറികള്‍ എന്നിവയടക്കം വിവിധ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
റാസല്‍ഖൈമയിലെ ഒരു പ്രദേശത്ത് അസാധാരണമായ നിലയിൽ രണ്ടു വെയര്‍ ഹൗസുകളുണ്ടെന്ന് കാണിച്ച് സാമ്പത്തിക വികസന വകുപ്പില്‍നിന്ന് കത്ത് ലഭിക്കുകയായിരുന്നുവെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആൻഡ് ഇന്‍വെസ്റ്റിഗേറ്റിവ് അഫയേഴ്സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഉമര്‍ അല്‍ ഔദ് അല്‍ തനൈജി പറഞ്ഞു.
വെയര്‍ഹൗസുകള്‍ സൗന്ദര്യവര്‍ധക ഉല്പന്നങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും അന്താരാഷ്ട്ര വ്യാപാര മുദ്രയുള്ള ബ്രാന്‍ഡഡ് വ്യാജവസ്തുക്കള്‍ സംഭരിക്കുന്നതിന് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇരു വകുപ്പുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉള്‍പ്പെടുത്തി സംയുക്ത ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് ദിവസങ്ങളോളം നിരീക്ഷണം നടത്തി.
സംശയാസ്പദ രീതിയില്‍ ലോഡിങ്, സ്റ്റോറേജ് പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെട്ട റാക് പൊലീസ് പബ്ലിക് പ്രോസിക്യൂഷനില്‍നിന്ന് അനുമതി നേടി വെയര്‍ഹൗസുകള്‍ റെയ്ഡ് ചെയ്യുകയും വ്യാജ ഉല്പന്നങ്ങള് പിടിച്ചെടുക്കുകയുമായിരുന്നു.
പിടിച്ചെടുത്ത ഉൽപന്നങ്ങള് സാമ്പത്തിക വികസന വകുപ്പിന്റെ വെയര്‍ഹൗസിലേക്ക് മാറ്റിയെന്നും അല്‍ ഔദ് വ്യക്തമാക്കി. രാഷ്ട്രത്തിന്റെയും രാജ്യനിവാസികളുടെയും സുരക്ഷക്ക് റാക് പൊലീസ് മുഴുസമയവും ജാഗരൂകരാണെന്ന് ബ്രി. അഹമ്മദ് സെയ്ദ് മന്‍സൂര്‍ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അപകടത്തിലാക്കുന്നവർക്കും സമൂഹസുരക്ഷയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടികളെടുക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.