70,000 ദിർഹം വരെ കിഴിവ്, ദുബായിൽ പുതിയ നോൾ കാർഡ് പുറത്തിറക്കി
ദുബായിൽ വിനോദസഞ്ചാരികൾ, താമസക്കാർ, പൗരന്മാർ എന്നിവർക്കായി 70,000 ദിർഹം വരെ കിഴിവുളള പുതിയ നോൾ കാർഡ് പുറത്തിറക്കി. ദുബായിലെ പൊതുഗതാതത്തിനും പാർക്കിംഗിനും മറ്റ് വിനോദങ്ങൾക്കും ഈ നോൾ ട്രാവൽ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയുമെന്ന് ദുബായ് ആർടിഎ അറിയിച്ചു.
പുതിയ നോൾ കാർഡിലൂടെ ദുബായിലെ ഹോട്ടലുകൾ, ഷോപ്പുകൾ, അഡ്വെഞ്ചർ, വിനോദ സൗകര്യങ്ങൾ, മറ്റ് ഓഫറുകൾ എന്നിവിടങ്ങളിൽ 10 മുതൽ 50 ശതമാനം വരെ കിഴിവുകളും ലഭ്യമാണ്. 200 ദിർഹം വിലയുളള പുതിയ നോൾ കാർഡിൽ 19 ദിർഹമാണ് ബാലൻസ് ഉണ്ടാവുക. വർഷാവസാനം 150 ദിർഹത്തിന് പുതുക്കാവുന്നതാണ്. നിലവിലുളള നോൾ കാർഡ് ഉപയോക്താക്കൾക്ക് പുതിയ നോൾ കാർഡിലേക്ക് മാറാൻ കഴിയില്ല. എന്നാൽ ഭാവിയിൽ ഇത് പരിഗണിക്കുമെന്നും ആർടിഎ അറിയിച്ചു.
പ്രാരംഭഘട്ടത്തിൽ നോൾ ട്രാവൽ കാർഡ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലും, സൂം, യൂറോപ്കാർഡ് തുടങ്ങിയ ചില സ്‌റ്റോറുകളിലും ലഭ്യമാണ്.