ഡെലിവറി റൈഡർമാരുടെ വിശ്രമ കേന്ദ്രങ്ങളിൽ കുടിവെള്ളം ഒരുക്കാൻ കരാറിൽ ഒപ്പ് വച്ച് ആർടിഎ
ഡെലിവറി റൈഡർമാരുടെ വിശ്രമ കേന്ദ്രങ്ങളിൽ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ പദ്ധതി ആവിഷ്കരിച്ച് അധികൃതർ. ആദ്യഘട്ടത്തിൽ വായുവിൽ നിന്ന് വെള്ളം ഉൽപാദിപ്പിക്കുന്ന മൂന്ന് ഡിസ്പെൻസറുകൾ സ്ഥാപിക്കാൻ ദുബൈ റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) മാജിദ് അൽഫുത്തൈം ഗ്രൂപ്പും സഹകരണ കരാറിൽ ഒപ്പുവെച്ചു.നൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറുകൾ മാജിദ് അൽ ഫുത്തൈം ഗ്രൂപ്പാണ് ലഭ്യമാക്കുക. 30 ഡിഗ്രി താപനിലയും 65 ശതമാനം ഹുമിഡിറ്റിയുമുള്ള സമയങ്ങളിൽ ദിവസവും 100 ലിറ്റർ കുടിവെള്ളം ഇതിന് ഉൽപാദിപ്പിക്കാനാവും.
ആർ.ടി.എ ലൈസൻസിങ് അതോറിറ്റി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അൽ അലിയും മാജിദ് അൽ ഫുത്തൈം ഗ്രൂപ് സർക്കാർ, കോർപറേറ്റ് റിയൽ എസ്റ്റേറ്റ് കാര്യ മാനേജിങ് ഡയറക്ടർ അലി അൽ അബ്ദുല്ലയുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഡെലിവറി ബൈക്ക് റൈഡർമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന് യൂസുഫ് അൽ അലി പറഞ്ഞു. സുസ്ഥിര സംവിധാനം ഡെലിവറി റൈഡർമാർക്ക് സുരക്ഷിത കുടിവെള്ളം ഉറപ്പുവരുത്തുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ കുറക്കുന്നത് കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരത്തിൽ ഡെലിവറി രംഗം വളരെ വേഗത്തിൽ വളരുന്ന സാഹചര്യത്തിൽ റൈഡർമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആർ.ടി.എ 40 എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ പല വിശ്രമ കേന്ദ്രങ്ങളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. മൂന്നുഘട്ടങ്ങളിലായി ബാക്കിയുള്ള കേന്ദ്രങ്ങളുടെ കൂടി നിർമാണം പൂർത്തിയാവും. റൈഡർമാർക്ക് സുരക്ഷിത കുടിവെള്ളം ഉറപ്പാക്കുന്നതിന് രംഗത്തുവന്ന മാജിദ് അൽഫുത്തൈം ഗ്രൂപ്പിന് ആർ.ടി.എ നന്ദിയറിയിച്ചു.