അൽ വസ്ൽ റോഡിൽ പുതിയ ട്രാഫിക് ജങ്ഷൻ തുറന്നു
അൽ വസ്ൽ റോഡ്, ഉമ്മുസുഖൈം സ്ട്രീറ്റ് ഭാഗത്ത് ഗതാഗതം എളുപ്പമാക്കുന്ന പദ്ധതി പൂർത്തീകരിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). പ്രദേശത്ത് പുതിയ ട്രാഫിക് ജങ്ഷൻ തുറന്നാണ് അധികൃതർ യാത്രസമയം കുറക്കുന്ന നടപടി സ്വീകരിച്ചത്. അൽ മജാസിമി, അൽ വസ്ൽ റോഡിലാണ് പുതിയ ജങ്ഷൻ. ഉമ്മുസുഖൈം സ്ട്രീറ്റിനും അൽ ഥനിയ സ്ട്രീറ്റിനുമിടയിലാണിത് സ്ഥിതി ചെയ്യുന്നത്.
ട്രാഫിക് സിഗ്നൽ നിർമിച്ചതിന് പുറമെ കൂടുതൽ പാതകളും ഒരുക്കിയിട്ടുണ്ട്. ഇതുവഴി യാത്രസമയം മൂന്നു മിനിറ്റിൽനിന്ന് 30സെക്കൻഡായി കുറയും. നവീകരണം പൂർത്തിയായതോടെ അൽ മജാസിമി സ്ട്രീറ്റിൽനിന്ന് അൽ വാസൽ റോഡിലേക്ക് ഇടത് ഭാഗത്തേക്കുള്ള തിരിവ് സുഗമമാകും.
ഇതോടെ ഇവിടെ ഉമ്മുസുഖൈം സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിയേണ്ട നിലവിലെ സ്ഥിതി ഇല്ലാതാകും. നിരവധി സ്ഥാപനങ്ങളും സ്കൂളുകളും സ്ഥിതി ചെയ്യുന്ന മേഖലയിൽ ജങ്ഷൻ വന്നതോടെ ഗതാഗതത്തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി അൽ മജാസിമി സ്ട്രീറ്റിലെ പാത രണ്ടായി വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 2,400 ആയി ഉയരും. ആർ.ടി.എയുടെ ക്വിക്ക് ട്രാഫിക് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.