ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ നിന്ന് മറ്റ് മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ട് ബസ് സർവീസ് പ്രഖ്യാപിച്ച് ആർടിഎ
ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ നിന്ന് മറ്റ് മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ട് ബസ് സർവിസ് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഞായറാഴ്ച എക്സിലൂടെയാണ് ആർ.ടി.എ ഇക്കാര്യം അറിയിച്ചത്. ബിസിനസ് ബേ എക്സിറ്റ് 2വിൽ നിന്ന് ഓൺ പാസീവ് സ്റ്റേഷൻ, മാൾ ഓഫ് എമിറേറ്റ്സ്, ഇക്വിറ്റി, മഷ്റിഖ് സ്റ്റേഷൻ, അൽ ഖൈൽ, ദുബൈ ഇന്റർനെറ്റ് സിറ്റി എന്നീ സ്റ്റേഷനുകളിലേക്കാണ് നേരിട്ട് ബസ് സർവിസ് ആരംഭിച്ചത്.
അതേസമയം, അതിശക്തമായ മഴ മൂലം ഏപ്രിൽ പകുതിയോടെ താൽകാലികമായി അടച്ചിട്ട ഓൺ പാസിവ്, ഇക്വിറ്റി, മഷ്റഖ്, എനർജി എന്നീ നാല് മെട്രോ സ്റ്റേഷനുകൾ മേയ് 28ന് പ്രവർത്തനം പുനരാരംഭിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. നാല് മെട്രോ സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികളും മറ്റ് സുരക്ഷ പരിശോധനകളും പൂർത്തീകരിച്ച ശേഷമാണ് പ്രവർത്തന സജ്ജമാക്കിയത്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഏപ്രിലിൽ മെട്രോ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രണ പെരുമാറ്റ ചട്ടം പ്രഖ്യാപിച്ചിരുന്നു. തിരക്കേറിയ സമയങ്ങളിൽ ഈ രീതി തുടരും. നേരത്തെ ബസ് ഓൺ ഡിമാൻഡ് സർവിസ് ബിസിനസ് ബേയിലേക്ക് ആർ.ടി.എ നീട്ടിയിരുന്നു. ദുബൈ ബസ് ഓൺ ഡിമാൻഡ് ആപ്ലിക്കേഷൻ വഴി സേവനം ബുക്ക് ചെയ്യാം. ആപ്പിൾ സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ് ലഭ്യമാണ്. 14 സീറ്റുള്ള ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.