റോഡ് സുരക്ഷ; ദുബൈ ആർ.ടി.എക്ക് അന്താരാഷ്ട്ര പുരസ്കാരം
എമിറേറ്റിലെ ഡെലിവറി റൈഡർമാർക്കുള്ള സുരക്ഷ പരിശീലന സംവിധാനം വികസിപ്പിച്ചതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റിക്ക് പ്രിൻസ് മിച്ചൽ ഇന്റർനാഷനൽ റോഡ് സേഫ്റ്റി പുരസ്കാരം ലഭിച്ചു. ‘സുരക്ഷിതരായ റോഡ് ഉപഭോക്താക്കൾ’ എന്ന വിഭാഗത്തിലാണ് അവാർഡ് നേട്ടം.
എമിറേറ്റിലെ മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിനും യോഗ്യരാക്കുന്നതിനുമായി അംഗീകൃത ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് ആർ.ടി.എ ഈ സ്ഥാപനങ്ങളിൽ നിന്നുള്ള വിഗദ്ധരെ പങ്കെടുപ്പിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. ആർ.ടി.എയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിദഗ്ധ സമിതികളുമായി സഹകരിച്ച് വികസിപ്പിച്ച ട്രെയ്നിങ് സംവിധാനങ്ങൾക്ക് അനുസൃതമായായിരുന്നു പരിശീലന പരിപാടികൾ.
ഇത്തരം പരിപാടികളിലൂടെ റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ സംതൃപ്തി, ഉയർന്ന ഗുണനിലവാരമുള്ള സേവനം എന്നിവ ഉറപ്പുവരുത്താനായി. അതോടൊപ്പം റോഡപകടങ്ങൾ കുറക്കുന്നതിനും സഹായിച്ചതായി ആർ.ടി.എ വ്യക്തമാക്കി. 1987ൽ ആരംഭിച്ച പ്രിൻസ് മിച്ചൽ ഇന്റർനാഷനൽ റോഡ് സുരക്ഷ അവാർഡ് ആഗോള തലത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു നൽകുന്ന ഏറ്റവും പ്രശസ്തമായ പുരസ്കാരങ്ങളിൽ ഒന്നാണ്.