റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു
റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ദുബായിൽ ഒരുക്കിയിട്ടുള്ള തീം പാർക്കായ റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു.റയൽ മാഡ്രിഡ് പ്രമേയമാക്കിയുള്ള ഏതാണ്ട് നാല്പതിലധികം ആകർഷണങ്ങളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ഒരുക്കിയിട്ടുള്ള ലോകത്തെ ആദ്യത്തെ തീം പാർക്കാണിത്. റയൽ മാഡ്രിഡ് ക്ലബ് മുന്നോട്ട് വെക്കുന്ന ഫുട്ബാൾ, ബാസ്കറ്റ്ബോൾ ആശയങ്ങളുടെ ആഘോഷമാണ് ഈ തീം പാർക്ക്. റോളർകോസ്റ്ററുകൾ, സിമുലേറ്ററുകൾ തുടങ്ങി നിരവധി വിനോദാകർഷണങ്ങൾ റയൽ മാഡ്രിഡ് വേൾഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
.@dxbparksresorts and @realmadrid announce the opening of Real Madrid World, the first ever Real Madrid-themed park celebrating football and basketball the Real Madrid way. The theme park will be home to over 40 original Real Madrid-themed experiences and attractions.… pic.twitter.com/o6pbo5uN9g
— Dubai Media Office (@DXBMediaOffice) April 9, 2024
ദുബായ് പാർക്സ് ആൻഡ് റിസോർട്സ്, റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് എന്നിവർ സംയുക്തമായാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഫുട്ബാൾ ആരാധകർക്ക് മികച്ച ഒരു അനുഭവമായിരിക്കും ഈ തീം പാർക്കിൽ കാത്തിരിക്കുന്നത്.സെലിബ്രേഷൻ പ്ലാസ, ചാമ്പ്യൻസ് അവന്യൂ, സ്റ്റാർസ് യൂണിവേഴ്‌സ്, സ്പോർട്സ് ബുലവാർഡ് എന്നിങ്ങനെ നാല് മേഖലകളാണ് ഈ തീം പാർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തീം പാർക്കിലെത്തുന്ന ഫുട്ബാൾ ആരാധകർക്ക് റൈഡുകൾ, ഭക്ഷണശാലകൾ, റയൽ മാഡ്രിഡ് വേൾഡ് സ്റ്റോർ എന്നിങ്ങനെ നാല്പതിലധികം ആകർഷണങ്ങൾ ആസ്വദിക്കാവുന്നതാണ്.
മേഖലയിലെ തന്നെ ആദ്യത്തെ മരത്തിൽ പണിതീർത്തിട്ടുള്ള റോളർ കോസ്റ്റർ, ലോകത്തെ ഏറ്റവും ഉയരമേറിയ അമ്യൂസ്മെന്റ് റൈഡ് തുടങ്ങിയ പ്രത്യേകതകളും ഈ പാർക്കിന്റെ ഭാഗമാണ്. 295 ദിർഹമാണ് പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് (നാല് വയസിന് മുകളിൽ പ്രായമുള്ളവർക്ക്). ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്. ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ദുബായ് പാർക്സ് ആൻഡ് റിസോർട്സിലാണ് ഈ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കാറിലെത്തുന്നവർക്ക് E11 ഹൈവേയിൽ നിന്ന് എക്സിറ്റ് 5 എടുത്ത് കൊണ്ട് ഈ പാർക്കിലെത്താവുന്നതാണ്. ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസുകളും ഈ പാർക്കിലേക്കെത്തുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.