എലിസബത്ത് രാജ്ഞി ഉപയോഗിച്ച ആഢംബര വാഹനം റേഞ്ച് റോവർ ദുബൈയിലേക്ക് എത്തുന്നു
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ച ആഡംബര വാഹനമായ റേഞ്ച് റോവറിന്റെ എസ്.ഡി.വി8 ഓട്ടോ ബയോഗ്രാഫി എൽ.ഡബ്ല്യൂ.ബി ദുബൈയിലേക്ക് എത്തുന്നു. യു.എ.ഇയിൽ വാഹനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ചരിത്രകാരനായ മുഹമ്മദ് ലുഖ്മാൻ അലി ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് 2016 മോഡൽ വാഹനത്തെ ബ്രിട്ടൻ ലേലത്തിൽ വെച്ചിരുന്നു. ഇന്ത്യൻ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ യൊഹാൻ പൂനവാലയാണ് വാഹനത്തെ സ്വന്തമാക്കിയത്. ഇദ്ദേഹം വാഹനം ഉടൻ യു.എ.ഇയിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് മുഹമ്മദ് ലുഖ്മാൻ അലി ഖാൻ പറയുന്നത്.
പലരീതിയിൽ ലോക പ്രശസ്തമാണ് ഈ കാർ. 2016ൽ യു.കെ സന്ദർശനത്തിനിടെ മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും ഉപയോഗിച്ചത് ഈ കാറായിരുന്നു. പുറം രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോൾ യു.എസ് പ്രസിഡന്റുമാർ മറ്റു വാഹനങ്ങൾ ഉപയോഗിക്കുന്നത് അപൂർവമാണ്. ‘ദി ബീസ്റ്റ്’ എന്ന പേരുള്ള കവചിത വാഹനമാണ് ഇവർ ഉപയോഗിക്കാറ്. എന്നാൽ, അന്ന് വിൻഡ്സർ കാസിലിന്റെ നിരത്തിൽ കാർ ഓടിച്ചിരുന്നത് എഡ്വിൻബർഗ് ഡ്യൂക്കായിരുന്ന പ്രിൻസ് ഫിലിപ്പായിരുന്നു. മുൻ സീറ്റിൽ ഒബാമയും പിൻസീറ്റിൽ എലിസബത്ത് രാജ്ഞിയും മിഷേൽ ഒബാമയും ഇരിക്കുന്ന വിഡിയോ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എലിസബത്ത് രാജ്ഞിക്കായി പ്രത്യേകം രൂപകൽപന ചെയ്ത കാറാണിത്.
രഹസ്യ ലൈറ്റ് സംവിധാനം, പൊലീസ് എമർജൻസി ലൈറ്റിങ്, രാജ്ഞിക്ക് വാഹനത്തിൽ കയറാനായി ഇരുഭാഗത്തും പ്രത്യേകം ഘടിപ്പിച്ച കൈപ്പിടികൾ, പ്രത്യേക പടികൾ തുടങ്ങി സുരക്ഷക്കായി ഏറെ ഫീച്ചറുകൾ ഇതിൽ ഒരുക്കിയിട്ടുണ്ട് കമ്പനി.
14 ലക്ഷം ദിർഹമിനാണ് കാർ പൂനവാല സ്വന്തമാക്കിയത്. രാജ്ഞി ഉപയോഗിച്ച ഒ.യു16 എക്സ്.വി.എച്ച് തന്നെയാണ് ഇപ്പോഴും വാഹനത്തിൽ നിലനിർത്തുന്നത്.