യുഎഇയിലെ വിവിധ ഇടങ്ങളിൽ മഴ തുടരുന്നു; വിദ്യാലയങ്ങൾക്ക് നാളെയും വിദൂര പഠനം, വർക്ക് ഫ്രം ഹോമും അനുവദിച്ചു
യുഎഇയില്‍ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇന്നും നാളെയും വിദൂര പഠനം. എമിറേറ്റ്സ് സ്കൂള്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസല്‍ഖൈമയില്‍ നേരത്തെ തന്നെ എല്ലാ സ്കൂളുകളിലും വിദൂര പഠനം നടപ്പാക്കാന്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സംഘം തീരുമാനിച്ചിരുന്നു.
ദുബൈയിലെ സ്വകാര്യ മേഖലയിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് വിദൂരപഠനം നടപ്പിലാക്കും. ദുബൈയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായി. മഴയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ദുബൈ മുന്‍സിപ്പാലിറ്റി പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്വകാര്യ കമ്പനികൾക്കും അധികൃതര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികളോട്സുരക്ഷ മുൻകരുതൽ സ്വീകരിക്കാനും ദുർഘടമെങ്കിൽ പ്രവർത്തനം നിർത്തിവെക്കാനും മാനവവിഭവശേഷി മന്ത്രാലയം സ്വകാര്യ കമ്പനികളോട് ആവശ്യപ്പെട്ടു. ഷാർജയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ എല്ലാ സ്വകാര്യ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂരപഠനം ഏർപ്പെടുത്താൻ അടിയന്തര, ദുരിതാശ്വാസ ടീം നിർദേശം നൽകി.